NEWS
എങ്ങും ആഘോഷം, യുഎസും ഇസ്രയേലും കീഴടങ്ങിയെന്ന് ഇറാൻ! വ്യക്തയില്ലാതെ ഡീൽ, ആ 400 കി.ഗ്രാം ആയുധം എവിടെ?

പശ്ചിമേഷ്യയെ കടുത്ത യുദ്ധഭീതിയിലാഴ്ത്തുകയും ആഗോള ഊർജ വിപണിയെ ഉലയ്ക്കുകയും ചെയ്ത മൂന്ന് മാസത്തിലേറെ നീണ്ട സായുധ പോരാട്ടത്തിന് അറുതിവരുത്തിക്കൊണ്ട് യുഎസും ഇറാനും തമ്മിൽ ചരിത്രപരമായ സമാധാനക്കരാറിൽ ഒപ്പുവയ്ക്കാൻ പോകുകയാണ്. ജൂൺ 15 തിങ്കളാഴ്ചയാണ് ഇരുരാജ്യങ്ങളും തമ്മിൽ ‘ഉടൻ പ്രാബല്യത്തിൽ വരുന്നതും ശാശ്വതവുമായ’ സമാധാനക്കരാറിൽ എത്തിയതായി പ്രഖ്യാപനം ഉണ്ടായത്. വെള്ളിയാഴ്ച (ജൂൺ 19) സ്വിറ്റ്സർലൻഡിൽ വച്ച് ഇരുരാജ്യങ്ങളും ഔദ്യോഗികമായി ഈ ഉടമ്പടിയിൽ ഒപ്പുവയ്ക്കും.സമാധാന പ്രഖ്യാപനം പുറത്തുവന്നതിന് തൊട്ടുപിന്നാലെ, തങ്ങളുടെ ‘ദൈവികവും കഠിനവുമായ ഇച്ഛാശക്തിക്ക്’ മുന്നിൽ യുഎസും ഇസ്രയേലും ഉൾപ്പെടുന്ന ശത്രുക്കൾക്ക് കീഴടങ്ങുകയല്ലാതെ മറ്റ് വഴികളില്ലായിരുന്നുവെന്ന് ഇറാനിയൻ സൈന്യം അവകാശപ്പെട്ടു. ശത്രുക്കൾക്ക് പരാജയം സമ്മതിക്കേണ്ടി വന്നുവെന്നും ഇത് ഇസ്‌ലാമിക റിപ്പബ്ലിക്കിന്റെ വൻ വിജയമാണെന്നും ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ പുറത്തുവിട്ട സൈനിക പ്രസ്താവനയിൽ പറയുന്നു. യുദ്ധം അവസാനിക്കാൻ പോകുകയാണെന്ന റിപ്പോർട്ട് വന്നതിനു പിന്നാലെ പശ്ചിമേഷ്യ ആഘോഷത്തിലാണ്.എന്നാൽ ഈ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ട്രംപ് തന്നെ ഇതിൽ ഒരു നിബന്ധന വച്ചു. വെള്ളിയാഴ്ച നടക്കുന്ന ഔദ്യോഗിക ഒപ്പുവയ്ക്കലിന് ശേഷം മാത്രമേ കടലിടുക്ക് പൂർണമായി തുറക്കൂ എന്നും, ആദ്യഘട്ടത്തിൽ ഇത് മൈനുകൾ നീക്കം ചെയ്യുന്നതിനായി മാത്രമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാൻ മാധ്യമമായ ‘മെഹർ’ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, അടുത്ത 30 ദിവസത്തിനുള്ളിൽ ഇറാന്റെ സ്വന്തം മേൽനോട്ടത്തിലും ക്രമീകരണത്തിലും മാത്രമേ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കപ്പെടുകയുള്ളൂ. എന്നാൽ ഒമാൻ പോലുള്ള രാജ്യങ്ങളുമായി ചേർന്ന് ഇറാൻ കപ്പലുകൾക്ക് ടോൾ ഏർപ്പെടുത്താൻ ശ്രമിച്ചാൽ അത് അംഗീകരിക്കില്ലെന്ന കർശന നിലപാടിലാണ് യുഎസും ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ഇറ്റലി എന്നിവരടങ്ങുന്ന ഇ4 സഖ്യവും.
Source link

