NEWS
മകന്റെ വിയോഗം വിശ്വസിക്കാനാകാതെ അവന്റെ മൊബൈൽ റീചാർജ് ചെയ്ത്, വാട്സാപ്പിൽ വീട്ടുവിശേഷങ്ങൾ അറിയിച്ച് ഇന്നും കാത്തിരിക്കുന്നു…

മുംബൈ ∙ അനന്തതയിലേക്കു പറന്നകന്നവർ ഇനി തിരിച്ചുവരില്ലെന്ന ക്രൂരമായ യാഥാർഥ്യം നെഞ്ചിലൊതുക്കി, അവരുടെ പ്രിയപ്പെട്ടവർ ഒത്തുകൂടി. കഴിഞ്ഞവർഷം ജൂൺ 12നു രാജ്യത്തെ നടുക്കിയ ദാരുണമായ വിമാനദുരന്തത്തിൽ പൊലിഞ്ഞ 12 കാബിൻ ക്രൂ അംഗങ്ങളുടെ ഓർമകൾക്കു മുൻപിൽ, കണ്ണീരിൽ കുതിർന്ന പ്രണാമവുമായി കുടുംബാംഗങ്ങളും സഹപ്രവർത്തകരും ബാന്ദ്രയിൽ ഒത്തുചേർന്നപ്പോൾ കണ്ടുനിന്നവരുടെയും ഉള്ളുലഞ്ഞു. വിമാനയാത്രികരും ജീവനക്കാരും ഉൾപ്പെടെ 260 പേർക്കാണ് ജീവൻ നഷ്ടമായത്. ഒരു യാത്രികൻ മാത്രമാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. തന്റെ പ്രിയതമയും സീനിയർ കാബിൻ ക്രൂ അംഗവുമായ അപർണ മഹാഡിക്കിനെ നഷ്ടപ്പെട്ട എയർ ഇന്ത്യ ജീവനക്കാരൻ അമോൽ തത്കരെയുടെ വാക്കുകൾ ചടങ്ങിൽ പങ്കെടുത്തവരുടെ കണ്ണുകളെ ഈറനണിയിച്ചു. അപകടം നടന്ന ദിവസം താൻ അക്കാദമിയിൽ പരിശീലനത്തിലായിരുന്നെന്ന് അദ്ദേഹം ഓർത്തെടുത്തു: ‘ലണ്ടനിലേക്കു പോയ വിമാനമാണ് അപകടത്തിൽപെട്ടതെന്ന് അറിഞ്ഞപ്പോൾ പ്രിയപ്പെട്ടവൾ അതിലായിരുന്നെന്നത് ഞാൻ വേദനയോടെ തിരിച്ചറിഞ്ഞു. എങ്കിലും അവസാനനിമിഷം വരെ മനസ്സിൽ പ്രതീക്ഷയുണ്ടായിരുന്നു’– വിങ്ങുന്ന ഹൃദയത്തോടെ അമോൽ പറഞ്ഞു.
Source link


