NEWS

സിഎംആർഎൽ കേസിൽ കൂടുതൽ കേന്ദ്ര ഏജൻസികളുടെ ഇടപെടലിന് സാധ്യത; ലക്ഷ്യം വീണ മാത്രമല്ല? സമൻസ് ഉടൻ അയച്ചേക്കും


കൊച്ചി∙ സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ തടസങ്ങളെല്ലാം നീങ്ങിയതോടെ വല വിരിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഹൈക്കോടതി ഡിവിഷൻ ബെഞ്ചും അന്വേഷണവുമായി മുന്നോട്ടു പോകാൻ അനുമതി നൽകിയതോടെ അന്വേഷണം ശക്തമാക്കാൻ ഇ.ഡി തീരുമാനിച്ചിട്ടുണ്ട്. തുടർനടപടികൾ ആസൂത്രണം ചെയ്യുന്നതിനായി ഡൽഹിയിൽ നിന്ന് ഡയറക്ടർ രാഹുൽ നവീൻ ഉൾപ്പെടെയുള്ള ഇ.ഡി ഉന്നത ഉദ്യോഗസ്ഥർ കൊച്ചിയിൽ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. കേസിലെ നിർണായക വ്യക്തികളെ ചോദ്യം ചെയ്യുന്നതിനും കൂടുതൽ ഡിജിറ്റൽ, സാമ്പത്തിക തെളിവുകൾ ശേഖരിക്കുന്നതിനും അന്വേഷക സംഘങ്ങൾക്ക് യോഗം നിർദേശം നൽകുകയും ചെയ്തു. എന്നാല്‍ ഇതിനുമപ്പുറം, കൂടുതൽ അന്വേഷണ ഏജൻസികളുടെ വരവ് ഈ കേസുമായി ബന്ധപ്പെട്ട് ഉണ്ടായേക്കാം എന്നാണ് വിവരം. സിഎംആർഎല്ലും ടി.വീണയും മാത്രമായിരിക്കില്ല അതിന്റെ ലക്ഷ്യമെന്ന് അർഥം.ബംഗാളിലെ സന്ദേശ്ഖലിയിൽ ഇ.ഡി ഉദ്യോഗസ്ഥർക്കു നേർക്കുണ്ടായ ആക്രമണത്തോടാണ് തിരുവനന്തപുരത്തുണ്ടായ ആക്രമണത്തെയും മുതിർന്ന ഇ.ഡി ഉദ്യോഗസ്ഥർ താരതമ്യപ്പെടുത്തുന്നത്. റേഷൻ അഴിമതിക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് 2024 ജനുവരിയിൽ എത്തിയ ഇ.ഡി സംഘത്തെ തൃണമൂൽ കോൺഗ്രസ് നേതാവായ ഷാജഹാൻ ഷെയ്ഖിന്റെ അനുയായികൾ ആക്രമിച്ചിരുന്നു. പിന്നെ കണ്ടത് ഒന്നിനു പിന്നാലെ ഒന്നായി കേന്ദ്ര ഏജൻസികൾ ബംഗാളിലേക്ക് എത്തിയതാണ്. ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും ഭൂമി കയ്യേറ്റം, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തുടങ്ങിയവയ്‌ക്കെതിരെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു.വീണയ്ക്കും സിഎംആർഎൽ കമ്പനിയുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയിലുള്ളവർക്കും ചോദ്യം ചെയ്യലിന് ഹാജരാവാൻ വൈകാതെ സമൻസ് അയയ്ക്കാനാണ് ഇ.ഡി തീരുമാനം. ഹർജിക്കാർ വൈകാതെ സുപ്രീം കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. സുപ്രീം കോടതിയെ സമീപിക്കാൻ രണ്ടാഴ്ച സമയം അനുവദിക്കണമെന്ന് ഹർജിക്കാർ ഇന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഒരു സ്വകാര്യ വ്യക്തി നൽകിയ ഹർജിയിൽ ഹൈക്കോടതി കഴിഞ്ഞ ദിവസം ഇ.ഡി ഉൾപ്പെടെയുള്ളവരുടെ അഭിപ്രായം തേടി നോട്ടിസ് അയച്ചിരുന്നു.


Source link

Back to top button