NEWS
ഇനി പുതിയ പാതയിൽ; ‘വീ ദ് ലീഡർ’ രാഷ്ട്രീയ മൂവ്മെന്റുമായി അണ്ണാമലൈ; രാഷ്ട്രീയം പഠിപ്പിക്കാൻ സെന്റർ

ചെന്നൈ∙ ബിജെപിയിൽ നിന്ന് രാജി വച്ച് പുത്തൻ പാതയിൽ കെ.അണ്ണാമലൈ. പുതിയ രാഷ്ട്രീയ മൂവ്മെന്റ് തുടങ്ങുന്നുവെന്നാണ് ബിജെപിയിൽ നിന്നുള്ള രാജി സ്ഥിരീകരിച്ചുകൊണ്ട് തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ.അണ്ണാമലൈ പറഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് പ്രഖ്യാപനം. www.wetheleader.org എന്ന വെബ്സൈറ്റിൽ വൊളന്റിയറായി റജിസ്റ്റർ ചെയ്തു മൂവ്മെന്റിന്റെ ഭാഗമാകാം. രാഷ്ട്രീയ നിലപാടുകളും എത്തിക്സും പഠിപ്പിക്കാൻ എപിജെ അബ്ദുൽ കലാം സെന്റർ ഫോർ പൊളിറ്റിക്സ് കോയമ്പത്തൂരിൽ ആരംഭിക്കും. എല്ലാവരെയും ചേർത്തുള്ള, തമിഴ്നാടിനു ചേരുന്ന വിധത്തിലുള്ള രാഷ്ട്രീയമാണ് രൂപപ്പെടുത്തുന്നതെന്ന് അണ്ണാമലൈ പറഞ്ഞു. രാഷ്ട്രീയ പാർട്ടിയായി മാറി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും. ഇതിനായി പ്രാദേശിക തലത്തിൽ രാഷ്ട്രീയ നേതാക്കളെ രൂപപ്പെടുത്താനാണ് പ്രാഥമിക പരിഗണന. പാർട്ടിയായി മാറുമ്പോൾ കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ടാക്കുമെന്നും ഒരാൾക്കും എപ്പോഴും കസേരയുണ്ടാകില്ലെന്നും അണ്ണാമലൈ പറഞ്ഞു. 2020ലാണ് ഐപിഎസ് ഓഫിസറായിരുന്ന അണ്ണാമലൈ ജോലി രാജിവച്ച് ബിജെപിയിൽ ചേർന്നത്. തുടർന്ന് ഏതാനും ആഴ്ചകൾക്കുള്ളിൽ ഇദ്ദേഹത്തെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാക്കി. തൊട്ടടുത്ത വർഷം 37ാം വയസ്സിലാണ് അണ്ണാമലൈ ബിജെപി സംസ്ഥാന പ്രസിഡന്റായത്.
Source link


