BUSINESS
ആലപ്പുഴയിൽ 96.50, കോട്ടയത്തു 105!, ഒരേ സിഎൻജി, ജില്ല മാറിയാൽ ഓരോ വില, പെട്രോൾ ‘ഷോക്കിനു’ പിന്നാലെ സിഎൻജി ‘ഇടിവെട്ട്’

കൊച്ചി ∙ ഒരേ ഉറവിടത്തിൽ നിന്നുള്ള സിഎൻജിക്കു സമീപ ജില്ലകളിൽ പോലും വലിയ വില വ്യത്യാസം. ആലപ്പുഴയിൽ 96.50 രൂപയാണു വില. തൊട്ടടുത്ത കോട്ടയം ജില്ലയിൽ 105 രൂപയും; വ്യത്യാസം 8.50 രൂപ. ജില്ലാ അതിർത്തി മാറുമ്പോൾ വില അസ്വാഭാവികമായി വർധിപ്പിക്കുന്നത് അനീതിയാണെന്നാണ് ഉപയോക്താക്കളുടെ പരാതി. ഒരാഴ്ച മുൻപ് 89.50 രൂപയായിരുന്നു കോട്ടയത്തെ വില. ഒറ്റയടിക്കു വർധിപ്പിച്ചത് 15.50 രൂപ. ചരിത്രത്തിൽ ആദ്യമായാണു കേരളത്തിൽ സിഎൻജി വില 100 രൂപ കടക്കുന്നത്. പെട്രോൾ, ഡീസൽ വിലകൾക്കു തീ പിടിച്ചതിനു പിന്നാലെയാണു സിഎൻജി വിലയിലെ ഇടിവെട്ട്. സിഎൻജിക്കായി നീണ്ട കാത്തിരിപ്പു വേണ്ടി വരുന്നതായും പരാതിയുണ്ട്.പെട്രോൾ, ഡീസൽ വിലയിലും വിവിധ ജില്ലകളിൽ വില വ്യത്യാസം സ്വാഭാവികമാണെങ്കിലും ലീറ്ററിനു രണ്ടു രൂപയിലേറെ വ്യത്യാസമുണ്ടാകാറില്ല. സിഎൻജിയുടെ കാര്യത്തിൽ സ്ഥിതി വ്യത്യസ്തം. ഒരേ ഉറവിടത്തിൽ നിന്നാണു സിഎൻജി ലഭിക്കുന്നതെങ്കിലും പല വിതരണക്കാരും ഈടാക്കുന്നതു പല വില. ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് ലിമിറ്റഡാണ് (ഐഒഎജിപിഎൽ) എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ സിഎൻജി ലഭ്യമാക്കുന്നത്. കിലോഗ്രാമിന് 98.25 രൂപയാണു വില. ഒരാഴ്ചയ്ക്കിടെ വർധിച്ചത് 1.75 രൂപ. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ അറ്റ്ലാന്റിക്, ഗൾഫ് ആൻഡ് പസിഫിക് പ്രഥമാണു (എജി ആൻഡ് പി പ്രഥം) വിതരണക്കാർ. വില 96.50 രൂപ. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ 105 രൂപ. ഷോല ഗ്യാസാണു വിതരണക്കാർ.വിലക്കുറവ്, ഹരിത ഇന്ധനം എന്നിവ കണക്കെടുത്ത് വൻതുക മുടക്കി ഡീസലിൽ നിന്നു സിഎൻജിയിലേക്കു മാറിയ സ്വകാര്യ ബസ് – ടാക്സി ഉടമകൾക്കു വലിയ തിരിച്ചടിയാണ് സിഎൻജിയുടെ വില വർധന. ബസുകളിൽ സിഎൻജി കിറ്റ് ഘടിപ്പിക്കുന്നതിന് 5 ലക്ഷം രൂപ വരെ മുടക്കിയവരുണ്ട്. 2021ൽ 50 രൂപയായിരുന്നു വില.Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് Shutterstock / AnilDൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
Source link


