NEWS
വെറും 24 ദിവസം, അടച്ചുപൂട്ടിയ ആരിക്കാടി ടോൾ പ്ലാസയിൽനിന്ന് പിരിച്ചത് 2.71 കോടിയിലേറെ രൂപ

കുമ്പള ∙ ദേശീയപാതയിൽ ആരിക്കാടിയിൽ പ്രതിഷേധത്തെ തുടർന്നു അടച്ചുപൂട്ടിയ ടോൾ പ്ലാസയിൽനിന്നു 24 ദിവസത്തിനുള്ളിൽ പിരിച്ചെടുത്തത് 2.71 കോടിയിലേറെ രൂപ. എന്നാൽ ടോൾ പ്ലാസയുടെ നിർമാണ പ്രവൃത്തിക്കായി ചെലവഴിച്ചത് 2.15 കോടി രൂപയാണെന്നു വിവരാവകാശ നിയമ പ്രകാരം നൽകിയ അപേക്ഷയിൽ ദേശീയപാത അതോറിറ്റി അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ജനുവരി 12 മുതൽ ഫെബ്രുവരി 4വരെയാണ് ടോൾ പിരിവ് നടത്തിയത്. ഇതിൽ ഫാസ്ടാഗ് വഴി 2.7 കോടിയും യുപിഐ,ക്യൂആർ കോഡ് സ്കാനിങ് എന്നിവയിലൂടെ 26,000 രൂപയും പണമായി 1.1 ലക്ഷം ഉൾപ്പെടെ 2,71, 36,000 രൂപയാണ് ആകെ പിരിച്ചെടുത്തതെന്ന് വിവരാവകാശ രേഖയിൽ വ്യക്തമാക്കി. ആധുനിക രീതയിൽ ടോൾ പ്ലാസ നിർമിക്കുകയും ക്യാമറ ഉൾപ്പെടെ സ്ഥാപിച്ചതിനു 2.15 കോടിയാണ് വിനിയോഗിച്ചതെന്ന് രേഖയിലുണ്ട്. ദേശീയപാത അതോറിറ്റിയുടെ കണ്ണൂർ പ്രൊജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റിൽ നിന്നു ലഭിച്ച രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കുമ്പള ആരിക്കാടിയിലെ ടോൾ പ്ലാസയ്ക്ക് എതിരെ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രൂപീകരിച്ച ആക്ഷൻ കമ്മിറ്റി ശക്തമായ സമരം നടത്തിയിരുന്നു.ഇതു സംബന്ധിച്ച് കോടതിയിൽ ഹർജികളുണ്ടായിരുന്നു. താൽക്കാലിക ടോൾ പ്ലാസയ്ക്കെതിരെ വ്യാപകമായ ജനകീയ പ്രതിഷേധമാണ് ഉയർന്നത്. തുടർന്നാണു താൽക്കാലിക ടോൾ പ്ലാസ അടച്ചുപൂട്ടിയത്.
Source link


