NEWS

രക്തം കണ്ടതോടെ സംശയം, കുഞ്ഞിനെ വേണ്ടെന്ന് അമ്മ; ആ കരച്ചിൽ കേട്ടത് വലിയ ഭാഗ്യമായി, ചോരക്കുഞ്ഞിന് അദ്ഭുത രക്ഷപ്പെടൽ ഇങ്ങനെ..


ഹരിപ്പാട് ∙ വയറുവേദനയുമായി എത്തിയ വിദ്യാർഥിനി ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ചു; ചോരക്കുഞ്ഞിനെ വെന്റിലേഷൻ വഴി പുറത്തേക്കിട്ടു. കരച്ചിൽ കേട്ട് എത്തിയ ജീവനക്കാർ കുഞ്ഞിനെ രക്ഷപ്പെടുത്തി. ഇന്നലെ പുലർച്ചെ പന്ത്രണ്ടരയോടെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് സംഭവം. തിങ്കളാഴ്ച രാത്രി ഒൻപതരയോടെയാണ് വയറുവേദനയുമായി 19 വയസ്സുള്ള വിദ്യാർഥിനി പിതാവിനും സഹോദരിക്കും ഒപ്പം ആശുപത്രിയിൽ എത്തിയത്. ഗർഭിണിയാണോ എന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടർ ചോദിച്ചപ്പോൾ അല്ലെന്നായിരുന്നു മറുപടി. ആർത്തവ സംബന്ധമായ നടുവേദനയും വയറുവേദനയും ആണെന്നാണ് പറഞ്ഞത്. വിദ്യാർഥിനി പൂർണ ഗർഭിണിയാണെന്ന വിവരം ഒപ്പമുണ്ടായിരുന്ന വീട്ടുകാർ അറിഞ്ഞില്ലെന്നാണ് വിവരം. പരിശോധിക്കണം എന്നു ഡോക്ടർ പറഞ്ഞപ്പോൾ ശുചിമുറിയിൽ കയറിയ യുവതി ഏറെ സമയം കഴിഞ്ഞിട്ടും പുറത്തിറങ്ങാതെ വന്നപ്പോൾ ഡോക്ടറും മറ്റു ജീവനക്കാരും ശുചിമുറി തുറക്കാൻ ആവശ്യപ്പെട്ടു. ശുചിമുറിയിൽ രക്തം കണ്ടതോടെ ഡോക്ടർക്ക് സംശയമായി. ഇൗ സമയം ആശുപത്രി ജീവനക്കാർ കുഞ്ഞിന്റെ കരച്ചിൽ കേട്ടു. ശുചിമുറിയിലെ ക്ലോസെറ്റ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല. വീണ്ടും നിർത്താതെയുള്ള കുഞ്ഞിന്റെ കരച്ചിൽ കേട്ട ജീവനക്കാർ പുറത്തിറങ്ങി പരിശോധിച്ചപ്പോഴാണ് ശുചിമുറിയുടെ വെന്റിലേഷനു താഴെ രക്തത്തിൽ കുളിച്ചു കിടന്ന ശിശുവിനെ കണ്ടത്. പൊക്കിൾക്കൊടി വലിച്ചു പൊട്ടിച്ച നിലയിലായിരുന്നു എന്നു ജീവനക്കാർ പറഞ്ഞു. ആരോഗ്യവതിയായ പെൺകുഞ്ഞിന് 3.200 കിലോഗ്രാം തൂക്കം ഉണ്ടായിരുന്നു. രക്ഷയായത് ജീവനക്കാരുടെ സമയോചിത ഇടപെടൽ ∙ താഴേക്കു വീണ പി‍ഞ്ചുകുഞ്ഞിന്റെ ജീവന് രക്ഷയായത് ആശുപത്രി ജീവനക്കാരുടെ സമയോചിത ഇടപെടലാണ്. അത്യാഹിത വിഭാഗവും നഴ്സസ് റൂമും മുൻ ഭാഗത്തായതിനാൽ അവിടെ ഡ്യൂട്ടിയിലുള്ളവർ ശുചിമുറിക്കു പിന്നിൽനിന്നുള്ള ശബ്ദം കേൾക്കാൻ സാധ്യത വളരെ കുറവായിരുന്നു. എന്നാൽ കുഞ്ഞിനെ പുറത്തെറിഞ്ഞ നിമിഷം തന്നെ ജീവനക്കാരുടെ കാതുകളിൽ ആ കരച്ചിൽ എത്തിയത് വലിയ ഭാഗ്യമായി. ചോരയിൽ കുളിച്ചുകിടന്ന കുഞ്ഞിനെ കൈകളിൽ കോരിയെടുത്ത് അടിയന്തര ശുശ്രൂഷകൾക്കായി അത്യാഹിത വിഭാഗത്തിൽ എത്തിച്ചത് അറ്റൻഡർ വി.അനിൽ കുമാറാണ്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ.ത്രിഷ അന്ന സണ്ണി, ഡോ.അൽഫി ഫാത്തിമ, സ്റ്റാഫ് നഴ്സുമാരായ നിഷ, കുര്യാക്കോസ്, അറ്റൻഡർ വി.അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് കുഞ്ഞിനെ രക്ഷപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.


Source link

Back to top button