NEWS
‘ലാത്തിവീശിയപ്പോൾ മീനിന്റെ മണം, ഡിവൈഎസ്പി ആഭ്യന്തര മന്ത്രിയുടെ വീട്ടിലെ മീൻവെട്ടുകാരൻ’

തിരുവനന്തപുരം ∙ കേരള സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പിനു ശേഷം നടന്ന സംഘർഷത്തിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചിൽ ഡിവൈഎസ്പിയെ പരിഹസിച്ച് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം.ശിവപ്രസാദ്. ലാത്തി ചാർജിനു നേതൃത്വം കൊടുത്ത ഡിവൈഎസ്പി ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ മീൻവെട്ടിക്കൊടുക്കുന്ന ആളാണെന്നായിരുന്നു ശിവപ്രസാദിന്റെ പരിഹാസം.‘‘ലാത്തി വീശിയപ്പോൾ മീനിന്റെ മണം കയ്യിൽനിന്നു കിട്ടി. നന്നായി മീൻ കഴിക്കുന്ന ആലപ്പുഴക്കാരനാണ് ആഭ്യന്തര മന്ത്രി. എസ്എഫ്ഐയെ നേരിടാൻ വരുന്നതിനു മുൻപു പച്ച മീൻ വാങ്ങി ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ പോയി വെട്ടിക്കൊടുത്ത് ഡിവൈഎസ്പി കാലു പിടിച്ചു. തനിക്കിഷ്ടമുള്ളിടത്തു നിയമനം നൽകണമെന്നും ഡിജിപിയായി കണ്ണടയ്ക്കാൻ അവസരം തരണമെന്നുമൊക്കെയായിരുന്നു അപേക്ഷ. ഇതെല്ലാം ആഭ്യന്തര മന്ത്രിയുടെ അടുക്കളയിൽ തീർത്താൽ മതി. എസ്എഫ്ഐക്കാരുടെ നെഞ്ചത്തു തീർക്കേണ്ട’’ – എന്നായിരുന്നു ശിവപ്രസാദിന്റെ പരാമർശം.
Source link


