SPORTS

ധോണിക്കും കോലിക്കും സഞ്ജുവിനും കീഴിൽ കളിച്ചു; ഐപിഎൽ പ്ലേഓഫ് തുടങ്ങുന്നതിന് തൊട്ടുമുൻപ് വിരമിക്കൽ പ്രഖ്യാപിച്ച് 35കാരൻ താരം


ചെന്നൈ ∙ ആഭ്യന്തര, ഐപിഎൽ ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ച് ലെഗ് സ്പിന്നർ മുരുകൻ അശ്വിൻ. ഐപിഎലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള ക്വാളിഫയർ പോരാട്ടത്തിന് മണിക്കൂറുകൾക്ക് മുൻപാണ് മുൻ ആർസിബി താരം കൂടിയായ മുരുകൻ അശ്വിന്റെ വിരമിക്കൽ പ്രഖ്യാപനം. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വൈകാരികമായ ഒരു പോസ്റ്റിലൂടെയാണ് തമിഴ്നാട് താരമായ 35 വയസ്സുകാരൻ മുരുകൻ അശ്വിൻ തീരുമാനം അറിയിച്ചത്. ക്രിക്കറ്റുമായി തനിക്കുള്ള ആജീവനാന്ത ബന്ധത്തെക്കുറിച്ചും ക്രിക്കറ്റ് വർഷങ്ങളായി തന്റെ വ്യക്തിത്വത്തെ എങ്ങനെ രൂപപ്പെടുത്തിയെന്നതിനെക്കുറിച്ചും ഹൃദയസ്പർശിയായ കുറിപ്പിൽ അശ്വിൻ വ്യക്തമാക്കി. ‘‘ആറാം വയസ്സിൽ ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയത് മുതൽ, ഞാൻ ഈ കളിയുമായി അഗാധമായ പ്രണയത്തിലാണ്, അത് എന്നെ സമൃദ്ധമായി അനുഗ്രഹിച്ചിട്ടുമുണ്ട്. ക്രിക്കറ്റ് എന്നെ ഇന്ന് ഞാൻ ആയിരിക്കുന്ന വ്യക്തിയായി രൂപപ്പെടുത്തുകയും മൈതാനത്ത് എന്നെത്തന്നെ യഥാർഥമായി പ്രകടിപ്പിക്കാൻ അനുവദിക്കുകയും ചെയ്തു. ഇത് ഇതുവരെ അവിശ്വസനീയമായ ഒരു യാത്രയായിരുന്നു, ആ ഒരു കാര്യത്താൽ, ഞാൻ നിങ്ങളെയല്ലാവരെയും ഒരു പുതിയ വിവരം അറിയിക്കാൻ ആഗ്രഹിക്കുന്നു. എന്റെ ആഭ്യന്തര ക്രിക്കറ്റ് കരിയറിനും ഐപിഎലിലെ എന്റെ യാത്രയ്ക്കും വിരാമമിടാൻ ഞാൻ തീരുമാനിച്ചതായി അറിയിക്കുന്നു.’’– ഇൻസ്റ്റഗ്രാം പോസ്റ്റിൽ അശ്വിൻ കുറിച്ചു.തന്റെ ഐപിഎൽ ഓർമകൾ, ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങൾക്കൊപ്പം ഡ്രസിങ് റൂം പങ്കിട്ടത് അശ്വിൻ അനുസ്മരിച്ചു. ‘‘ഐപിഎലിലെ എന്റെ ഒരു പതിറ്റാണ്ട് നീണ്ട പരിചയസമ്പത്ത്, ചില മഹത്തായ താരങ്ങൾക്കൊപ്പം ഇടപഴകാനും എം.എസ്.ധോണി, വിരാട് കോലി, രവിചന്ദ്രൻ അശ്വിൻ, രോഹിത് ശർമ തുടങ്ങിയ ഇതിഹാസ ക്രിക്കറ്റ് താരങ്ങളുടെ നേതൃത്വത്തിന് കീഴിൽ കളിക്കാനും എന്നെ സഹായിച്ചു. ഈ അനുഭവങ്ങൾ എന്നെത്തന്നെ മെച്ചപ്പെടുത്താനും 2016ലെ എന്റെ അരങ്ങേറ്റത്തിന് ശേഷം ഒരു മികച്ച ക്രിക്കറ്റ് കളിക്കാരനാകാനും സഹായിച്ചിട്ടുണ്ട്.’’– അശ്വിൻ കൂട്ടിച്ചേർത്തു.


Source link

Back to top button