NEWS
കേസ് ഡയറി തിരുത്തി ഗൺമാനടക്കമുള്ളവർക്കായി വൻ ‘രക്ഷാപ്രവർത്തനം’; തിരുത്തിയത് ഉറപ്പാക്കി എഡിജിപിയുടെ ഓഫിസ്

തിരുവനന്തപുരം ∙ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ 2023ൽ നടത്തിയ നവകേരള യാത്രയ്ക്കിടെ കെഎസ്യു, യൂത്ത് കോൺഗ്രസ് നേതാക്കളെ അദ്ദേഹത്തിന്റെ സുരക്ഷാസംഘം തല്ലിച്ചതച്ച കേസ് ഒതുക്കാൻ എഡിജിപി എം.ആർ.അജിത്കുമാർ നടത്തിയ നീക്കങ്ങളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി തയാറാക്കിയ കേസ് ഡയറി തിരുത്തി ഗൺമാനടക്കമുള്ളവർക്കു രക്ഷപ്പെടാൻ പഴുതൊരുക്കിയ എഡിജിപിയുടെ ഓഫിസ്, തിരുത്തിയ റിപ്പോർട്ടാണു കോടതിയിലെത്തുന്നതെന്നും ഉറപ്പാക്കി. റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ച ശേഷം അതിന്റെ ഫയൽ നമ്പർ അറിയിക്കണമെന്ന് എഡിജിപിയുടെ ഓഫിസ് ഉദ്യോഗസ്ഥർക്കു കർശന നിർദേശം നൽകി.2024 ഓഗസ്റ്റ് 16ന് കോടതിയിൽ റിപ്പോർട്ട് നൽകിയ അന്നുതന്നെ എഡിജിപിയുടെ ഓഫിസിനെ നമ്പർ അറിയിച്ചതായി പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) ഡിവൈഎസ്പി മൊഴി നൽകി. റിപ്പോർട്ട് തിരുത്തിയ എഡിജിപിയുടെ ഓഫിസ്, തുടർന്നുള്ള നടപടികൾക്കു നേരിട്ടു മേൽനോട്ടം വഹിച്ചെന്നു തെളിയിക്കുന്ന നിർണായക മൊഴിയാണിത്. തിരുത്തിയ റിപ്പോർട്ട് ഡിവൈഎസ്പിക്കു കൈമാറിയ എഡിജിപിയുടെ ഓഫിസിലെ 2 ഗ്രേഡ് എസ്ഐമാരുടെ പേരുകൾ എസ്ഐടിക്കു ലഭിച്ചിട്ടുണ്ട്. ഗൺമാൻ അടക്കമുള്ളവരുടെ വീഴ്ച ചൂണ്ടിക്കാട്ടി ആലപ്പുഴ എസ്പി ആയിരിക്കെ ചൈത്ര തെരേസ ജോൺ നൽകിയ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് പൂഴ്ത്തിയതിനു പിന്നാലെയായിരുന്നു എഡിജിപിയുടെ ഇടപെടൽ. ചൈത്രയ്ക്കെതിരായ പരാമർശവും എഡിജിപിയുടെ ഓഫിസിൽ നിന്നുണ്ടായതായി മൊഴിയിലുണ്ട്. ആലപ്പുഴ ∙ യൂത്ത്കോൺഗ്രസ്, കെഎസ്യു നേതാക്കളെ മർദിച്ച കേസിൽ ഗൺമാൻ അനിൽകുമാർ, അകമ്പടി സേനാംഗമായിരുന്ന എസ്.സന്ദീപ് എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി ആലപ്പുഴ സെഷൻസ് കോടതി ഇന്നു പരിഗണിക്കും. കേസിൽ ഇവരെ മാത്രമാണ് ആദ്യ അന്വേഷണ സംഘം പ്രതി ചേർത്തിരുന്നത്. അകമ്പടി സേനാംഗങ്ങളായിരുന്ന ഷൈജു, അരുൺ, വിപിൻ എന്നിവരെക്കൂടി പ്രതിചേർത്ത് എസ്ഐടി കഴിഞ്ഞ ദിവസം ആലപ്പുഴ മജിസ്ട്രേട്ട് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.
Source link


