NEWS

അട്ടപ്പാടി മധു വധക്കേസ്: ശിക്ഷ വർദ്ധിപ്പിച്ച് ഹെെക്കോടതി, 12 പ്രതികൾക്ക് ജീവപര്യന്തം

കൊച്ചി: മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടിയിൽ ആദിവാസി യുവാവായ മധുവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ ശിക്ഷ വർദ്ധിപ്പിച്ച് ഹെെക്കോടതി. 12 പ്രതികൾക്ക് ജീവപര്യന്തം ശിക്ഷയും രണ്ട് ലക്ഷം രൂപ പിഴയും ചുമത്തി. വിചാരണകോടതി വിധിച്ച ഏഴ് വർഷതടവ് ശിക്ഷയാണ് ഹെെക്കോടതി ജീവപര്യന്തമാക്കിയത്. മധുവിന്റെ കുടുംബത്തിന്റെ അപ്പീലിലാണ് ഹെെക്കോടതിയുടെ നടപടി.

മധുവിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി ഹുസൈനെ ഇന്ന് രാവിലെ ഹെെക്കോടതി വെറുതെവിട്ടിരുന്നു. കുറ്റകൃത്യത്തിൽ പങ്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണിത്. മരയ്ക്കാർ, ഷംസുദ്ദീൻ, രാധാകൃഷ്ണൻ, അബൂബക്കർ, സിദ്ദിഖ്, ഉബൈദ്, നജീബ്, ജെയ്ജുമോൻ, സജീവ്, സതീഷ്, ഹരീഷ്, ബിജു എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുന്നത്. നാലാം പ്രതിയെയും 11-ാം പ്രതിയെയും വെറുതെവിട്ട വിചാരണ കോടതിയുടെ വിധി ഹെെക്കോടതി ശരിവച്ചിട്ടുണ്ട്.

ആദിവാസി യുവാവായ മധുവിനെ (34) അരി മോഷ്ടിച്ചെന്നാരോപിച്ച് കാട്ടിൽ നിന്ന് പിടിച്ചുകൊണ്ടുവന്ന് മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. മധുവിന് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നു. 2018 ഫെബ്രുവരി 22നായിരുന്നു സംഭവം. മധുവിന്റെ ഇരുകൈകളും പിന്നിൽക്കെട്ടി നഗ്നനാക്കി റോഡിലൂടെ നടത്തിയാണ് കൊണ്ടുവന്നത്. വഴിയിലുടനീളം ക്രൂരമർദ്ദനത്തിനിരയായ യുവാവ് മരണത്തിന് കീഴടങ്ങുകയായിരുന്നു.


Source link
NEWS

Back to top button