test del 4 copy of del 3

‘ഓറെഷ്നിക്’, കീവിൽ തീമഴ വർഷിച്ച് പുട്ടിന്റെ ആണവ ‘വജ്രായുധം’! ഒരൊറ്റ മിസൈലിൽ ആക്രമിക്കാം 8 സ്ഥലങ്ങൾ


നാല് വർഷമായി തുടരുന്ന റഷ്യ-യുക്രെയ്ൻ യുദ്ധത്തെ വീണ്ടും അതീവ ഗുരുതരമായ ഒരു ആണവ-നയതന്ത്ര പ്രതിസന്ധിയിലേക്ക് തള്ളിവിട്ടുകൊണ്ട് റഷ്യയുടെ വൻ മിസൈൽ-ഡ്രോൺ ആക്രമണം. മേയ് 24 ഞായറാഴ്ച രാത്രി യുക്രെയ്ൻ തലസ്ഥാനമായ കീവിനെയും സമീപപ്രദേശങ്ങളെയും ലക്ഷ്യമാക്കി റഷ്യ നടത്തിയ അതിശക്തമായ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. റഷ്യയുടെ ഏറ്റവും പുതിയ, ആണവായുധം വഹിക്കാൻ ശേഷിയുള്ള ‘ഓറെഷ്നിക്’ ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈലാണ് ഈ ആക്രമണത്തിൽ പ്രധാനമായും ഉപയോഗിച്ചതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി സ്ഥിരീകരിച്ചു. ആക്രമണത്തിൽ കീവിലെ അമ്പതോളം കേന്ദ്രങ്ങൾ തകർന്നതായാണ് റിപ്പോർട്ട്. ഈ അതിനൂതന മിസൈൽ യുദ്ധത്തിൽ ഉപയോഗിക്കുന്നത് ഇത് മൂന്നാമത്തെ തവണയാണ്. നിലവിലെ പാശ്ചാത്യ പ്രതിരോധ സംവിധാനങ്ങൾക്ക് തടുക്കാൻ കഴിയില്ലെന്ന് റഷ്യ അവകാശപ്പെടുന്ന ‘ഓറെഷ്നിക്’ മിസൈൽ എത്രത്തോളം മാരകമാണ്? എന്താണ് ഇതിന്റെ സാങ്കേതിക സവിശേഷതകൾ?∙ എന്താണ് ‘ഓറെഷ്നിക്’ മിസൈൽ? റഷ്യൻ ഭാഷയിൽ ‘ഹാസൽ മരം’ അല്ലെങ്കിൽ ‘ഹാസൽനട്ട് കുറ്റിച്ചെടി’ എന്നാണ് ഓറെഷ്നിക് എന്ന വാക്കിന്റെ അർഥം. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിന്റെ പ്രത്യേക നിർദേശപ്രകാരം വികസിപ്പിച്ചെടുത്ത ഈ മിസൈൽ, ഒരു ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലാണ്. അതായത്, ഇടത്തരം ദൂരപരിധിയിലുള്ള ലക്ഷ്യങ്ങളെ തകർക്കാൻ ഡിസൈൻ ചെയ്ത ഒന്നാണിത്. 2024 നവംബറിലാണ് റഷ്യ ആദ്യമായി യുക്രെയ്നിലെ ഡിനിപ്രോ നഗരത്തിന് നേരെ ഈ മിസൈൽ പരീക്ഷണാടിസ്ഥാനത്തിൽ തൊടുത്തുവിട്ടത്. പിന്നീട് 2026 ജനുവരിയിൽ ല്വിവ് നഗരത്തിന് നേരെയും, ഇപ്പോൾ മൂന്നാമതായി മേയ് 24ന് കീവിന് നേരെയും ഇത് പ്രയോഗിച്ചു. മുൻപ് പ്രയോഗിച്ചപ്പോൾ ഇതിൽ സ്ഫോടകവസ്തുക്കൾക്ക് പകരം ഡമ്മി വാർഹെഡുകളാണ് ഉപയോഗിച്ചിരുന്നതെങ്കിൽ, ഇത്തവണ കടുത്ത നാശനഷ്ടം വിതച്ചുകൊണ്ട് മാരകമായ സ്ഫോടകവസ്തുക്കളാണ് റഷ്യ ഉപയോഗിച്ചത്.∙ എന്തുകൊണ്ട് ഓറെഷ്നിക് ഇത്രയും മാരകമാകുന്നു? ഓറെഷ്നിക് മിസൈലിനെ ലോകത്തിലെ ഏറ്റവും അപകടകരമായ ആയുധങ്ങളിലൊന്നാക്കി മാറ്റുന്നത് അതിന്റെ ചില സവിശേഷമായ സാങ്കേതികതകളാണ്. 1. അതിവേഗം : ഈ മിസൈലിന്റെ ഏറ്റവും വലിയ കരുത്ത് അതിന്റെ വേഗമാണ്. ശബ്ദത്തിന്റെ പത്ത് മടങ്ങ് വേഗത്തിൽ (മണിക്കൂറിൽ ഏകദേശം 12,300 കിലോമീറ്റർ) സഞ്ചരിക്കാൻ ഇതിന് കഴിയും. അന്തരീക്ഷത്തിന്റെ ഏറ്റവും മുകളിലെ തട്ടിലൂടെ സഞ്ചരിക്കുന്നതിനാൽ സാധാരണ റഡാറുകൾക്ക് ഇതിനെ കണ്ടെത്താൻ കഴിയില്ല. മിസൈൽ വരുന്നത് തിരിച്ചറിയുമ്പോഴേക്കും അത് ലക്ഷ്യസ്ഥാനത്ത് പതിച്ചിട്ടുണ്ടാകും. 2. പ്രതിരോധ സംവിധാനങ്ങളെ വെട്ടിക്കാനുള്ള ശേഷി : നിലവിൽ യുഎസ് യൂറോപ്പിൽ വിന്യസിച്ചിട്ടുള്ള പാട്രിയറ്റ് ഉൾപ്പെടെയുള്ള ഒരു വ്യോമ പ്രതിരോധ സംവിധാനത്തിനും ഓറെഷ്നിക്കിനെ തടയാൻ കഴിയില്ലെന്ന് റഷ്യ അവകാശപ്പെടുന്നു. മിസൈലിന്റെ അമിത വേഗവും അത് സഞ്ചരിക്കുന്ന പാതയും കാരണം അതിനെ തകർക്കുക അസാധ്യമാണ്. ഇസ്രയേലിന്റെ ‘ആരോ 3’, യുഎസിന്റെ ‘എസ്എം-3 ബ്ലോക്ക് 2എ’ തുടങ്ങി ചില അത്യാധുനിക വ്യോമപ്രതിരോധ സംവിധാനങ്ങൾക്ക് മാത്രമേ ഇതിനെ തടുക്കാൻ കഴിഞ്ഞേക്കൂ, എന്നാൽ ഇവ നിലവിൽ യുക്രെയ്ന്റെ പക്കലില്ല. 3. എംഐആർവി സാങ്കേതികവിദ്യ : ‘മൾട്ടിപ്പിൾ ഇൻഡിപെൻഡന്റ്‌ലി ടാർഗെറ്റബിൾ റീഎൻട്രി വെഹിക്കിൾ’ എന്നാണ് ഈ സാങ്കേതികവിദ്യ അറിയപ്പെടുന്നത്. സാധാരണയായി വൻകിട അന്തർഭൂഖണ്ഡ മിസൈലുകളിൽ മാത്രം കാണുന്ന ഒന്നാണിത്. ഈ സംവിധാനം അനുസരിച്ച്, ഒരു മിസൈലിന് ഉള്ളിൽ ആറ് മുതൽ എട്ട് വരെ ആയുധങ്ങൾ ഉണ്ടാകും. മിസൈൽ ലക്ഷ്യസ്ഥാനത്തിന് അടുത്തെത്തുമ്പോൾ ഈ ആയുധങ്ങൾ വേർപെട്ട് വ്യത്യസ്ത ദിശകളിലുള്ള പല ലക്ഷ്യങ്ങളിലേക്ക് ഒരേസമയം കുതിച്ചുയരും. ഇത് ഒരൊറ്റ മിസൈൽ ഉപയോഗിച്ച് വലിയൊരു പ്രദേശം മുഴുവൻ തകർക്കാൻ സഹായിക്കും. 4. അത്യുഗ്രമായ ചൂടും ആഘാതവും: ആണവായുധം ഇല്ലെങ്കിൽ പോലും സാധാരണ സ്ഫോടകവസ്തുക്കൾ നിറച്ച ഓറെഷ്നിക് മിസൈൽ ഉണ്ടാക്കുന്ന നാശനഷ്ടം ചെറുതല്ല. ഈ മിസൈൽ സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന അമിതമായ താപവും ഭൂമിയിലേക്ക് പതിക്കുമ്പോഴുണ്ടാകുന്ന വൻ ആഘാതവും കാരണം ഭൂമിക്കടിയിൽ ഒളിച്ചിരിക്കുന്ന ബങ്കറുകളെയും കമാൻഡ് സെന്ററുകളെയും വരെ പൂർണമായി തകർക്കാൻ ഇതിന് സാധിക്കും. ഒന്നിലധികം ഓറെഷ്നിക് മിസൈലുകൾ ഒന്നിച്ച് പ്രയോഗിച്ചാൽ അത് ഒരു ആണവാക്രമണത്തിന് തുല്യമായ നാശനഷ്ടം ഉണ്ടാക്കുമെന്നാണ് പുട്ടിൻ അവകാശപ്പെടുന്നത്.


Source link

Back to top button