NEWS

ധീരജ് വധക്കേസ് പ്രതി നിഖിൽ പൈലിയെ ഡി.സി.സി അംഗമാക്കി

ഇടുക്കി: ധീരജ് വധക്കേസിലെ ഒന്നാം പ്രതിയായ നിഖിൽ പൈലിയെ ഡി.സി.സി അംഗമാക്കി കോൺഗ്രസ്. ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യുവാണ് വെള്ളിയാഴ്ച നിഖിലടക്കം അഞ്ചു പേരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗങ്ങളാക്കി നാമനിർദ്ദേശം ചെയ്ത് മണ്ഡലം,ബ്ലോക്ക് കമ്മിറ്റികൾക്ക് നൽകിയത്. മജോ കാരിമുട്ടം,ജോയി വടക്കേടം,വർക്കി ആലയ്ക്കാപറമ്പിൽ,ജോർജ്ജ് ജോസഫ് മാമ്പ്രയിൽ എന്നിവരാണ് പട്ടികയിലുള്ള മറ്റ് നാലുപേർ. 2022 ജനുവരി 10ന് സർവകലാശാല തിരഞ്ഞെടുപ്പിനിടെയാണ് ഇടുക്കി എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥിയും എസ്.എഫ്.ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രൻ കൊല്ലപ്പെട്ടത്. അന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന നിഖിൽ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കുകയാണ്. ഡി.സി.സി അംഗമായി നാമനിർദ്ദേശം ചെയ്തതിൽ നന്ദി അറിയിച്ച് നിഖിൽ ഫേസ്ബുക്ക് പോസ്റ്റും പങ്കുവച്ചിട്ടുണ്ട്. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്,മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ,ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു എന്നിവർക്കാണ് നിഖിൽ നന്ദി അറിയിച്ചത്.


Source link
NEWS

Back to top button