സെല്ലുലോയ്ഡിൽ മിന്നും ഉള്ളടക്കം

സംവിധാനം - കമൽ. ഈ ടൈറ്റിൽ കാർഡ് നോക്കി ഒരുകാലത്ത് മലയാള സിനിമാപ്രേക്ഷകർ ധൈര്യത്തോടെ ടിക്കറ്റെടുത്തു. ഹൃദയത്തോട് ചേർത്തുനിറുത്തുന്ന എത്രയെത്ര കമൽ സിനിമകൾ. ’മിഴിനീർപൂവുകളി”ൽ നിന്നാരംഭിച്ച സംവിധാന ജീവിതം 40 വർഷത്തിൽ എത്തിനിൽക്കുമ്പോൾ കമൽ സംസാരിക്കുന്നു.
സംവിധാന ജീവിതത്തിൽ 40 വർഷം.എങ്ങനെ വിലയിരുത്തുന്നു?
വലിയ ഒരു കാലം. പല തലമുറകൾക്കൊപ്പം സഞ്ചരിക്കാൻ കഴിഞ്ഞു. ഒപ്പമില്ലാത്ത ഒരുപാട് പേരോടൊപ്പം ജോലി ചെയ്യാൻ സാധിച്ചു. മലയാള സിനിമ എക്കാലത്തും കണ്ട മികച്ച അഭിനേതാക്കൾക്കൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് പുണ്യമായി കരുതുന്നു. അനുഗ്രഹീത നടൻ കൊട്ടാരക്കര ശ്രീധരൻനായരുടെ അവസാന ചിത്രം ‘മിഴിനീർപൂവുകൾ” എന്റെ ആദ്യ സിനിമയായി . തിക്കുറിശ്ശി ’പൂക്കാലം വരവായി” സിനിമയിലും മധു സാർ’ചമ്പക്കുളം തച്ചനി”ലും അഭിനയിച്ചു. യേശുദാസിനെ പോലെ മഹാനായ ഗായകൻ എന്റെ സിനിമകളിൽ പാടി. പി. ജയചന്ദ്രൻ പാടി. മികച്ച സംഗീത സംവിധായകരായ ജോൺസൺ, രവീന്ദ്രൻ ഇവർക്കൊപ്പം ജോലിചെയ്യാൻ സാധിച്ചു. 40 വർഷത്തെ സംവിധാന ജീവിതത്തിൽ ഒരുപാട് അനുഭവങ്ങളിലൂടെ കടന്നുപോയി. ഏഴുവർഷം സഹസംവിധായകനായി പ്രവർത്തിച്ചു. ’ത്രാസം” സിനിമയുടെ കഥയെഴുതി ആണ് വരുന്നത്. കുറെ സിനിമകൾക്ക് കഥയും തിരക്കഥയും എഴുതി. ’സെല്ലുലോയ്ഡ് “എന്ന സിനിമ നിർമ്മിച്ചു. നാൽപ്പതു വർഷത്തെ സിനിമാജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ഓർക്കാൻ ഒരുപാട് കാര്യങ്ങൾ. അതാണ് ഏറ്റവും വലിയ സമ്പാദ്യം.ജനപ്രിയതയും കലാമൂല്യവും നിറഞ്ഞ ചിത്രങ്ങൾ ഒരുക്കാൻ തുടക്കം മുതൽ ശ്രദ്ധ പുലർത്തി അല്ലേ?
സത്യത്തിൽ ജനപ്രിയ സിനിമയുടെ ഫോർമുല ഇപ്പോഴും അറിയില്ല. എല്ലാ പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന ഫോർമുല ഉണ്ടോ എന്നും അറിയില്ല. ഇത്രയും സിനിമകൾ ചെയ്തിട്ടും അതേപ്പറ്റി ആലോചിച്ചിട്ടേയില്ല. ഇഷ്ടപ്പെട്ട സിനിമ ചെയ്യുക എന്നതാണ് നോക്കുന്നത്. ഒന്നാമതായി, എനിക്ക് ചെയ്യാൻ പറ്റുന്ന സിനിമയാണോ എന്നു നോക്കും. ഞാൻ കാണാൻ ഇഷ്ടപ്പെടുന്നതും എന്നെ പോലെ സിനിമ ഇഷ്ടപ്പെടുന്നവർ കാണുന്ന സിനിമയാണോ എന്നും നോക്കും . ഈ ഒരു ഫോർമുല മാത്രമേ അറിയൂ. അതു ചിലപ്പോൾ കൂടുതൽ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുമ്പോൾ ജനപ്രിയ സിനിമയായി മാറുന്നു. താരപരിവേഷത്തിലേക്ക് പോകുന്ന സിനിമകൾ ചെയ്തില്ല. അത് എന്റെ പരിമിതിയായി കാണുന്നു. കലാമൂല്യം നിറഞ്ഞ സിനിമ എന്നും എനിക്ക് പ്രിയപ്പെട്ടതാണ്. സിനിമയെ കലാരൂപമായാണ് കാണുന്നത്. പ്രേക്ഷകരുമായി ചേർന്നു നിൽക്കുന്ന പ്രമേയം സത്യസന്ധമായി അവതരിപ്പിക്കുകയും അത് സിനിമാ ഭാഷയിൽ പറയുകയും ചെയ്യുന്നതാണ് കലാമൂല്യം. ജനപ്രിയതയും കലാമൂല്യവും ഒരുമിച്ച് കൊണ്ടുപോകുക അത്ര എളുപ്പമല്ല. ഞാൻ എന്നെ ഒരു പ്രേക്ഷകനായി കണ്ടു സിനിമയെ സമീപിക്കുന്നു.
ഇപ്പോഴും നവാഗത സംവിധായകർ ഒരു മോഹൻലാൽ സിനിമ സ്വപ്നം കാണുമ്പോൾ ആദ്യ സിനിമയിൽ എങ്ങനെ സാധിച്ചു?
എനിക്ക് ഒരു സിനിമ ചെയ്യണമെന്ന് മോഹൻലാലിനെ കണ്ടു പറഞ്ഞപ്പോൾ സംഭവിച്ചതല്ല. ആ കാലത്ത് കുറെ നായകന്മാരുടെ സിനിമയിൽ അസോസിയേറ്റ് ഡയറക്ടറായി ജോലിചെയ്തിട്ടുണ്ട്. അവരുമായി നല്ല ബന്ധം ആയിരുന്നു. ജോൺ പോൾ നല്ല തിരക്കുള്ള തിരക്കഥാകൃത്തായിരുന്നു. അദ്ദേഹത്തിന്റെ തിരക്കഥയുടെ ചർച്ചയിലും എഴുത്തിലും സഹായിയായി. എന്റെ മാർഗദർശിയും ഗുരുവും ആണ്. ജോൺപോളിന്റെ താത്പര്യത്തിൽ പ്രമുഖ നിർമ്മാതാവ് ആർ. എസ്. ശ്രീനിവാസിന്റെ ശ്രീസായ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സിനിമ ചെയ്യാൻ എനിക്ക് അവസരം വന്നു. ശ്രീനിവാസ് സാറിന് മോഹൻലാലിന്റെ ഡേറ്റുണ്ട്. എന്നാൽ സംവിധായകനെ തീരുമാനിച്ചില്ല. ജോൺപോളിന്റെ ശുപാർശയിൽ ഞാൻ വന്നു. കമൽ ആണെങ്കിൽ ഓകെ എന്നു മോഹൻലാൽ പറഞ്ഞു . മിഴിനീർപൂവുകളുടെ ഡബ്ബിംഗ് നടക്കുന്ന സമയത്ത് മോഹൻലാലിന്റെ സ്വന്തം നിർമ്മാണ കമ്പനിയായ ’ചിയേഴ്സ് ” നിർമ്മിച്ച സിനിമ സംവിധാനം ചെയ്യാൻ ഭാഗ്യം ലഭിച്ചു. അതും ആദ്യ സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ്. ആ സിനിമയാണ് ഉണ്ണികളേ ഒരു കഥ പറയാം. ജോൺപോളിന്റെ തിരക്കഥ. അന്നത്തെ സൂപ്പർതാരം മോഹൻലാലിനെ നായകനാക്കി രണ്ടാമത്തെ സിനിമയും.
ഹൃദയത്തോട് കൂടുതൽ ചേർന്നു നിൽക്കുന്ന സിനിമകൾ ഏതായിരിക്കും?
ഓരോ സിനിമ ചെയ്യുമ്പോഴും അത് പ്രിയപ്പെട്ട സിനിമയായാണ് കാണുന്നത്. ’സെല്ലുലോയ്ഡ് “എന്റെ മികച്ച സിനിമയായി കാണുന്നു. അതിന്റെ കാരണം, മലയാള സിനിമയുടെ പിതാവ് ജെ.സി. ഡാനിയേലിന്റെ അധികം ആരും അറിയാതെ പോയ ജീവിതം ഉണ്ടായിരുന്നു. ജെ.സി. ഡാനിയേൽ സിനിമ ഉണ്ടാക്കാൻ ശ്രമിച്ച് പരാജയപ്പെടുകയും ഫിലിം ചുരുളുകൾ കത്തിയമരുകയും ചെയ്യുന്നു. വലിയ ദുരന്തത്തിലൂടെയാണ് മലയാള സിനിമയുടെ തുടക്കം. അതുപോലെ പി.കെ. റോസി എന്ന ആദ്യ നായിക ഒരു ദുരന്തമായി നിലനിൽക്കുന്നു. മലയാള സിനിമയെ അടയാളപ്പെടുത്താൻ സെല്ലുലോയ്ഡിന് കഴിഞ്ഞതിനാൽ പ്രിയപ്പെട്ട സിനിമയായി കാണുന്നു. കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ പ്രിയപ്പെട്ടതാണ്. നായകനില്ലാത്ത സിനിമ സത്യസന്ധമായി അവതരിപ്പിച്ചു.
ഫാസിൽ നിർമ്മിക്കുകയും തിരക്കഥ എഴുതുകയും ചെയ്ത സിനിമ. എന്റെ ഇഷ്ടത്തിൽ, ഒരു ബാദ്ധ്യതയും ഭാരവുമില്ലാതെ ചെയ്യാൻ സാധിച്ചു എന്ന നിലയിൽ ’കാക്കോത്തിക്കാവ് ”പ്രിയപ്പെട്ടതാണ്. പലതരം പ്രണയസിനിമകൾ ചെയ്തു. അതിൽ പലതും വിജയിച്ചു. ആ രീതിയിൽ ചേർത്തുനിറുത്തുന്ന സിനിമ ’മേഘമൽഹാർ” ആണ്. ആ സിനിമയിലെ പ്രണയവും സംഗീതവും എഴുത്തും ഇഷ്ടം ആണ്. സംവിധായകൻ തന്നെ എഴുതുമ്പോൾ ഉണ്ടാകുന്ന സുഖം ഏറ്റവും കൂടുതൽ അനുഭവപ്പെടുത്തിയ സിനിമ.
Source link


