ഓര്‍ഡിനറി മാത്രമെങ്കില്‍ 57, എല്ലാ വിഭാഗത്തിലുമായാല്‍ 112; സൗജന്യ യാത്രയില്‍ നിന്ന് പിന്നോട്ടില്ലെന്ന് മന്ത്രി ജോണ്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര എന്ന പദ്ധതി നടപ്പിലാക്കുമെന്ന് ആവര്‍ത്തിച്ച് ഗതാഗത മന്ത്രി. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് അവ്യക്തതയില്ലെന്നും സി.പി ജോണ്‍ പറഞ്ഞു. ജൂണ്‍ 15 മുതല്‍ സൗജന്യയാത്ര നടപ്പിലാകും, പദ്ധതി നടത്തിപ്പിനെ കുറിച്ച് പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രൈവറ്റ് ബസ് ജീവനക്കാര്‍ക്ക് ഒരു തരത്തിലും ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
സൗജന്യയാത്ര നല്‍കുന്നതില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ആശങ്കപ്പെടേണ്ടതില്ല. തൊഴിലാളി യൂണിയനുകളുമായി ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് തര്‍ക്കങ്ങളില്ല, കെഎസ്ആര്‍ടിസി സിഎംഡിയുമായി വിഷയത്തില്‍ തുടര്‍ ചര്‍ച്ചകളുണ്ടാകും. സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരുമായും ഈ വിഷയത്തില്‍ ചര്‍ച്ച നടക്കും. – മന്ത്രി സി.പി ജോണ്‍ വ്യക്തമാക്കി. അതേസമയം, കെഎസ്ആര്‍ടിസിയിലെ ഓര്‍ഡിനറി ബസുകളില്‍ മാത്രമായിരിക്കുമോ സൗജന്യയാത്രയെന്നതില്‍ വ്യക്തതയില്ല.
കെഎസ്ആര്‍ടിസി മുഴുവന്‍ ബസുകളിലും സൗജന്യ യാത്ര അനുവദിച്ചാല്‍ 112 കോടിയുടെ നഷ്ടം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഓര്‍ഡിനറി ബസില്‍ മാത്രം നടപ്പിലാക്കിയാല്‍ 57 കോടിയുടെ ബാധ്യതയാവും സര്‍ക്കാരിന് ഏറ്റെടുക്കേണ്ടി വരിക. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് യുഡിഎഫ് നല്‍കിയ ഗ്യാരന്റികളിലെ പ്രധാന വാഗ്ദാനമായിരുന്നു അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തെ എല്ലാ സ്ത്രീകള്‍ക്കും കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്രയെന്നത്.
അതേസമയം, കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്കായി പ്രഖ്യാപിച്ച സൗജന്യയാത്ര പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ സൗജന്യയാത്ര അനുവദിക്കാനാണ് നിലവില്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. കെഎസ്ആര്‍ടിസിയില്‍ പ്രതിദിനം 12 ലക്ഷം സ്ത്രീ യാത്രക്കാര്‍ ആശ്രയിക്കുന്നതായാണ് ഏകദേശ കണക്ക്.
Source link
NEWS


