test del 3
കൊച്ചി മെട്രോ നിർമാണം നടക്കുന്നിടത്ത് നിന്ന് ഇരുമ്പുദണ്ഡ് വീണു, യുവതിക്ക് പരുക്ക്; ‘ഇത്രയും വലിയൊരു അനാസ്ഥയുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല’

കൊച്ചി ∙ ‘‘പൊതുജനങ്ങളുെട സുരക്ഷയാണല്ലോ പ്രധാനം. അതുകൊണ്ടാണ് അത്തരമൊരു വിഡിയോ ഇട്ടത്. ഒരുപാടു പേർ അതുകണ്ട് വിളിക്കുകയും മെസേജ് അയയ്ക്കുകയുമൊക്കെ ചെയ്തു. കാരണം പലരും ഇത്തരം പ്രശ്നങ്ങൾ നേരിട്ടിട്ടുള്ളവരാണ്. എന്നാൽ അവരൊന്നും അതിനോട് പ്രതികരിച്ചിരുന്നില്ല. ഞാൻ ഇത് ചെയ്തതുകൊണ്ട് അധികൃതർ ഇനിയെങ്കിലും ശ്രദ്ധിക്കുകയും ഇതുപോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാതെ നോക്കുകയും ചെയ്യുമായിരിക്കും’’, കൊച്ചി മെട്രോ നിർമാണം നടക്കുന്നിടത്ത് കാറിനു മുകളിൽ ഇരുമ്പുദണ്ഡ് വീണ് കൈക്കും കാലിനും പരുക്കുപറ്റിയ ഗോപിക പ്രശാന്ത് പറയുന്നത് ഇങ്ങനെ. തനിക്ക് സംഭവിച്ച കാര്യം വെളിപ്പെടുത്തിക്കൊണ്ടും അധികൃതർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടും ഗോപിക സമൂഹമാധ്യമങ്ങളിൽ ചെയ്ത വിഡിയോ വലിയ തോതിലാണ് ചർച്ചയ്ക്ക് വഴിവച്ചിരിക്കുന്നത്. സംഭവത്തിൽ ഗോപികയ്ക്ക് നഷ്ടപരിഹാരവും ആവശ്യമായ സഹായവും നൽകാനും സുരക്ഷാ നടപടികൾ ഏർപ്പെടുത്തുന്നതുവരെ നിർമാണ പ്രവർത്തനങ്ങൾ നിർത്തി വയ്ക്കാനും തീരുമാനിച്ചെന്ന് കൊച്ചി മെട്രോ അധികൃതർ വ്യക്തമാക്കി.ഗോപികയുടെ കൈക്ക് പരിക്കേൽക്കാനിടയാക്കിയ സംഭവം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമെന്ന് കൊച്ചി മെട്രോ പ്രതികരിച്ചു. ‘സംഭവത്തെക്കുറിച്ച് വിശദമായ ഉന്നതതല അന്വേഷണം നടത്തി സുരക്ഷാ സംവിധാനം കൂടതല്‍ ശക്തമാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. കരാർ കമ്പനിയായ അഫ്കോൺസ് ഇൻഫ്രാസ്ട്രക്ചറിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പരുക്ക് പറ്റിയ യുവതിക്ക് ആവശ്യമായ എല്ലാ സഹായങ്ങളും പിന്തുണയും നഷ്ടപരിഹാരവും നൽകാനും നിർദേശം നൽകി. കോൺട്രാക്ടർ കമ്പനിക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി മെമ്മോയും ഇഷ്യു ചെയ്തു. ചൊവ്വാഴ്ച രാത്രി ഡെക്ക് സ്ലാബിന്റെ ഡീ ഷട്ടറിങ്ങിനിടിയിലാണ് ഇരുമ്പ് കഷണം കാറിൽ പതിച്ചത്. ഇതേത്തുടർന്ന് ഈ ജോലികൾ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവയ്ക്കാൻ കരാർ കമ്പനിക്ക് നിർദേശം നൽകി. ഗതാഗതം വഴിതിരിച്ചുവിട്ടശേഷവും അവശ്യമായ സുരക്ഷാ നടപടികൾ ഏർപ്പെടുത്തിയതിനുശേഷവും മാത്രമേ ഈ ജോലികൾ പുനരാരംഭിക്കുകയുള്ളൂ’, കൊച്ചി മെട്രോ വ്യക്തമാക്കി.
Source link


