test del 2
ഇറാൻയുദ്ധം തുടരണോ വേണ്ടയോ? ട്രംപും നെതന്യാഹുവും രണ്ടുതട്ടിൽ; ഫോണിൽ ചർച്ചനടത്തി

വാഷിങ്ടൺ: ഇറാനെതിരായ യുദ്ധം മുന്നോട്ടുകൊണ്ടുപോകുന്നതിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും വ്യത്യസ്തമായ അഭിപ്രായങ്ങളാണുള്ളതെന്ന് റിപ്പോർട്ട്.ഇരു നേതാക്കളും തമ്മിൽ ചൊവ്വാഴ്ച നടന്ന സുദീർഘമായ ടെലിഫോൺ സംഭാഷണത്തിൽ, ഇറാനെതിരേ വ്യോമാക്രമണം പുനഃരാരംഭിക്കണമെന്ന നിലപാടായിരുന്നു നെതന്യാഹു കൈക്കൊണ്ടതെന്നാണ് വിവരം. എന്നാൽ, ആക്രമണം വീണ്ടും ആരംഭിക്കുന്നതിന് മുൻപ് നയതന്ത്രത്തിന് ഒരു അവസരം കൊടുക്കണമെന്നായിരുന്നു ട്രംപിന്റെ അഭിപ്രായം.ട്രംപുമായുള്ള ഫോൺ സംഭാഷണത്തിന് പിന്നാലെ നെതന്യാഹു ‘തലയ്ക്ക് തീപിടിച്ച’ അവസ്ഥയിലായിരുന്നെന്ന് യുഎസ് മാധ്യമമായ ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നു. ഇറാന്റെ സൈനികശേഷിയെ ദുർബലപ്പെടുത്താനും നിർണായകമായ അടിസ്ഥാന സൗകര്യങ്ങൾ തകർത്ത് ഭരണകൂടത്തെ ദുർബലപ്പെടുത്താനുമായി വ്യോമാക്രമണങ്ങൾ പുനഃരാരംഭിക്കണമെന്നാണ് നെതന്യാഹുവിന്റെ നിലപാട്. മാത്രമല്ല, സമാധാനചർച്ചയെ അത്യധികം സംശയത്തോടെയുമാണ് അദ്ദേഹം നോക്കിക്കാണുന്നതും. എന്നാൽ, ചർച്ചകൾക്ക് അവസരം നൽകണമെന്നും അതുവഴി കരാറിലെത്തിച്ചേരാനാകുമെന്നുമാണ് ട്രംപിന്റെ നിലപാട്. അങ്ങനെ സംഭവിക്കാത്തപക്ഷം യുദ്ധം തുടരാൻ തയ്യാറാണെന്നും ട്രംപ് അറിയിച്ചുവെന്നാണ് വിവരം.യുഎസും ഇറാനും ഒപ്പിട്ട് യുദ്ധം ഔദ്യോഗികമായി അവസാനിപ്പിക്കാനുള്ള ഒരു ധാരണാപത്രം, സമാധാനചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്ന പാകിസ്താനും ഖത്തറും ചേർന്ന് തയ്യാറാക്കുകയാണെന്ന് നെതന്യാഹുവിനെ ട്രംപ് ടെലിഫോൺ സംഭാഷണത്തിനിടെ അറിയിച്ചിട്ടുണ്ട്. ഈ ധാരണാപത്രത്തിൽ ഒപ്പിടുന്നതിലൂടെ ചർച്ചകൾക്കായി 30 ദിവസം ലഭിക്കും. ഈ കാലയളവ് ഇറാന്റെ ആണവപദ്ധതി, ഹോർമുസ് കടലിടുക്ക് തുറക്കൽ തുടങ്ങിയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾക്ക് പ്രയോജനപ്പെടുത്താനുമാകും.
Source link


