വിഷു ബമ്പറിൽ ലോട്ടറിയടിച്ചത് ഭാഗ്യക്കുറി വകുപ്പിന്, അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും വിറ്റുതീർന്നു

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പർ ടിക്കറ്റുകൾക്ക് സമ്പൂർണ വിൽപന. നാളെ നറുക്കെടുപ്പ് നടക്കാനിരിക്കെ അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും ഏജന്റുമാർക്ക് വിറ്റുകഴിഞ്ഞു. ഇതൊരു റെക്കോഡാണ്. കഴിഞ്ഞ വർഷം 42,87,350 എണ്ണം വിഷു ബമ്പർ ടിക്കറ്റുകൾ ആയിരുന്നു വിറ്റത്.
പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ വില്പന; 11,58,480 എണ്ണം. തൃശ്ശൂർ 5,10,820, തിരുവനന്തപുരം 4,21,380 എന്നിങ്ങനെയാണ് തൊട്ടടുത്ത ഉയർന്ന വില്പനകൾ.
തിരുവനന്തപുരം ഗോർഖി ഭവനിലെ നറുക്കെടുപ്പ് വേദിയിൽ ഉച്ചയ്ക്ക് രണ്ടിനാണ് നറുക്കെടുപ്പ് നടക്കുക. വിഷു ബമ്പർ നേടുന്ന ഭാഗ്യവാന് പന്ത്രണ്ട് കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. ഒന്നാം സമ്മാനം നേടുന്ന അതേ അക്കം വരുന്ന മറ്റ് അഞ്ച് പരമ്പരകൾക്ക് ഒരു ലക്ഷം രൂപയുടെ സമാശ്വാസ സമ്മാനവും ലഭിക്കും. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറ് പരമ്പരകൾക്ക് ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം ആറ് പരമ്പരകൾക്കും നാലാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വിതം ആറ് പരമ്പരകൾക്കും ലഭിക്കും.
കൂടാതെ 5000, 2000, 1000, 500, 300 വീതം രൂപയുടെ സമ്മാനങ്ങളും വിഷു ബമ്പർ ഭാഗ്യക്കുറിയിലൂടെ ലഭിക്കുന്നു. BR 109 നമ്പർ വിഷു ബമ്പർ ഭാഗ്യക്കുറി ടിക്കറ്റുകൾ VA, VB, VC, VD, VE, VG എന്നിങ്ങനെ ആറ് പരമ്പരകളിലായാണ് ലഭ്യമാകുന്നത്. 300 രൂപയാണ് ഓരോ ടിക്കറ്റിന്റെയും വില.
Source link
NEWS


