test del 3
‘അവരെ ഒറ്റയ്ക്കാക്കാനാവില്ല’; താമസസ്ഥലത്തുനിന്നും ക്രൂരമായി പുറത്താക്കപ്പെട്ട മലയാളി നഴ്സിന് സഹായഹസ്തവുമായി ‘നഴ്സിങ് കൂട്ടായ്മ’

ഷാർജ∙ മറ്റാര് തിരിഞ്ഞു നോക്കിയില്ലെങ്കിലും തങ്ങളിലൊരാൾ തെരുവിൽ കഴിയുന്നത് സ്വന്തം ‘കുടുംബ’ത്തിന് കണ്ട് നിൽക്കാൻ കഴിയുമോ?; രോഗവും ദുരിതവും വേട്ടയാടുന്നതിനിടയിൽ, വാടക നൽകാൻ വൈകിയെന്ന ഏക കാരണത്താൽ താമസസ്ഥലത്തുനിന്നും ക്രൂരമായി പുറത്താക്കപ്പെട്ട മലയാളി നഴ്സിന് താങ്ങും തണലുമായി ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എമിറേറ്റ്സ് മലയാളി നഴ്സസ് കുടുംബ കൂട്ടായ്മ. കോട്ടയം സ്വദേശിനിയായ നഴ്സ് ഷീബയെയും ഭർത്താവിനെയും ചേർത്തുപിടിച്ച കൂട്ടായ്മ അവർക്ക് താമസ സൌകര്യം ഒരുക്കുകയും മരുന്ന്, ഭക്ഷണം എന്നിവ എത്തിക്കുകയും പ്രശ്ന പരിഹാരത്തിന് ശ്രമം ആരംഭിക്കുകയും ചെയ്തു. ഷീബയും ഷിബുവും തെരുവിൽ അലയേണ്ടി വന്ന ദുരവസ്ഥ ‘മനോരമ ഓൺലൈൻ’ കഴിഞ്ഞദിവസം റിപോർട്ട് ചെയ്തതിന് പിന്നാലെയാണ് നഴ്സിങ് കൂട്ടായ്മ സഹായവുമായി ഉണർന്നുപ്രവർത്തിച്ചത്. മറ്റൊരു താമസ സ്ഥലം കണ്ടെത്തും വരെ ഷീബയും ഷിബുവും ഖിസൈസിലെ ഒരു ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. ഇവർക്ക് ഭക്ഷണമൊരുക്കുകയും അത്യാവശ്യം ധരിക്കാനുള്ള വസ്ത്രങ്ങളെത്തിക്കുകയും ചെയ്തു. എമിറേറ്റ്സ് നഴ്സസ് കുടുംബ കൂട്ടായ്മ കൂടാതെ, മറ്റു ചില മനുഷ്യസ്നേഹികളും സഹായവുമായെത്തിയിരുന്നു. രാജീവാണ് എമിറേറ്റ്സ് നഴ്സസ് കുടുംബ കൂട്ടായ്മ വഴി ഷീബ, ഷിബു എന്നിവരുടെ മരുന്ന് എത്തിച്ചത്.ഖത്തറിൽ പത്തു വർഷത്തോളം നഴ്സായി ജോലി ചെയ്തിരുന്ന ഷീബ മൂന്ന് മാസം മുൻപാണ് യുഎഇയിൽ എത്തിയത്. നേരത്തെ വന്ന രക്താർബുദ ചികിത്സയ്ക്കായി ദോഹയിൽ വച്ച് വലിയൊരു തുക ചെലവായതോടെ ഈ കുടുംബം സാമ്പത്തികമായി പൂർണമായും തകർന്നിരുന്നു. ഇപ്പോൾ പാൻക്രിയാസിനെ ബാധിച്ച രോഗത്തിന് യുഎഇയിൽ ചികിത്സ തുടരുകയാണെങ്കിലും മരുന്നിനും നിത്യച്ചെലവുകൾക്കും പോലും പണമില്ലാതെ വലയുകയാണ്. നാട്ടിൽ പഠിക്കുന്ന മൂന്ന് മക്കളുടെ ഭാവിയും ഈ ദമ്പതികളെ വല്ലാതെ സങ്കടത്തിലാഴ്ത്തുന്നുണ്ട്. ഇവരുടെ മരുന്നും ഉടുവസ്ത്രങ്ങളും യൂണിഫോമും പാസ്പോർട്ടുകളും പഴയ മുറിയിലാണ് ഉള്ളത്. ഇത് തിരിച്ചുകിട്ടാൻ ഷാർജ പൊലീസിന്റെ നടപടിക്ക് വേണ്ടി കാത്തിരിക്കുന്നു. കൂടാതെ, ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ ഭാഗത്ത് നിന്ന് സഹായമുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.
Source link


