test del 5 copy of del 3

‘അന്വേഷണമൊന്നും നടക്കുന്നില്ല, ഇങ്ങനെ താമസിപ്പിക്കരുത്’; മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ ഹൈക്കോടതിയുടെ അതൃപ്തി


കൊച്ചി ∙ എസ്എൻഡിപി യോഗം മൈക്രോഫിനാൻസ് തട്ടിപ്പ് കേസിന്റെ അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. എന്തുകൊണ്ടാണ് അന്വേഷണത്തിൽ പുരോഗതിയില്ലാത്തതെന്ന് ആരാഞ്ഞ കോടതി, അന്വേഷണമൊന്നും നടക്കുന്നില്ലെന്നും കാരണമെന്താണെന്ന് നാട്ടുകാർക്കെല്ലാം അറിയാമെന്നും വാക്കാൽ പറഞ്ഞു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അടക്കം പ്രതിയായ കേസ് പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് എ.ബദറുദ്ദീൻ.അന്വേഷണം പൂർത്തിയാക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ ഒരു മാസം സമയമാണ് തേടിയത്. ഇങ്ങനെ വച്ച് താമസിപ്പിക്കരുതെന്നും വിഷയം ഗൗരവത്തിൽ കണ്ട് ജൂൺ 20ന് മുൻപ് അന്വേഷണം പൂർത്തിയാക്കാനും കോടതി നിർദേശം നൽകി. കൂടുതൽ സമയം തേടരുതെന്നും എന്തുകാരണമായാലും സമയം നീട്ടിനൽകില്ലെന്നും കോടതി വ്യക്തമാക്കി. മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പരാതിയെ തുടർന്നാണ് മൈക്രോഫിനാൻസ് തട്ടിപ്പിൽ കേസെടുത്തത്. എസ്എൻഡിപി യോഗം പ്രസിഡന്റ് എം.എൻ.സോമൻ, മൈക്രോഫിനാൻസ് സംസ്ഥാന കോഓർഡിനേറ്റർ കെ.കെ.മഹേശൻ, കെഎസ്ബിസിഡിസി മുൻ എംഡി ദിലീപ്കുമാർ തുടങ്ങിയവരാണ് കേസിലെ പ്രതികൾ. കെഎസ്ബിസിഡിസി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജ രേഖകൾ ഹാജരാക്കി ക്രമക്കേട് നടത്തിയെന്നാണ് ആരോപണം. എസ്പി എസ്.ശശിധരനാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ.


Source link

Back to top button