test del 4 copy of del 3
നയിച്ചുകൊണ്ടുവരാൻ സുനിതയില്ല; എങ്കിലും സനാഥരാണ് ആ ‘160 പേർ’

തൃപ്രയാർ ∙ ആ 160 തെരുവുനായ്ക്കൾ ഇനി സുനിതയുടെ ഭർത്താവ് ഷിന്റോയുടെ തണലിൽ ജീവിക്കും. ഇവരുടെ സംരക്ഷണത്തിനായി അധ്വാനിച്ചിരുന്ന തളിക്കുളം പത്താംകല്ല് മാങ്ങാട്ട് വീട്ടിൽ സുനിത ബെംഗളൂരുവിൽ തൊഴിലുടമയുടെ ആക്രമണത്തിനിരയായി മരിച്ചതോടെ അനാഥരായി മാറിയ 160 നായ്ക്കളാണു വീണ്ടും ജീവിതത്തിലേക്ക് തിരിച്ചെത്തുന്നത്. നടി പാർവതി തിരുവോത്ത്, വിയ്യൂരിലെ സാലി വർമ എന്നിവർ മൃഗസ്നേഹി സംഘത്തിലെ അംഗങ്ങളുടെ സഹകരണത്തോടെ 16 ചാക്ക് അരി എത്തിച്ചു. സുനിതയുടെ മരണാനന്തര ചടങ്ങുകൾ കഴിയാതെ നായ്ക്കൾക്കായി ഭക്ഷണം പാകം ചെയ്യുന്നില്ലെന്നും പകരം നായ്ക്കൾക്ക് ഡോഗ് ഫുഡ് നൽകുകയാണെന്നും ഷിന്റോ പറഞ്ഞു.വീടിനുള്ളിലും മുറ്റത്തും പറമ്പിലുമെല്ലാമായാണു സുനിത നായ്ക്കളെ സംരക്ഷിച്ചിരുന്നത്. 11 വർഷം മുൻപ് ഒരു നായ്ക്കുട്ടി വീട്ടിൽ വന്നു കയറിയപ്പോഴാരംഭിച്ചതാണു തെരുവുനായ സംരക്ഷണം. വാഹനാപകടങ്ങളിൽ പരുക്കേറ്റതും ആളുകൾ ഉപേക്ഷിച്ചതും രോഗം ബാധിച്ചതുമടക്കം ഓരോ നായയെയും സുനിത തെരുവിൽ നിന്നെടുത്തു സ്കൂട്ടറിൽ വീട്ടിലെത്തിച്ചു. ഇവയ്ക്കു ഭക്ഷണം വച്ചുവിളമ്പുകയായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ഒരു ചാക്ക് അരി രണ്ടു ദിവസം പോലും തികയാത്ത അവസ്ഥയായി. മാർക്കറ്റുകളിൽ മിച്ചംവരുന്ന ഇറച്ചിയും മീനും കച്ചവടക്കാർ നൽകിയിരുന്നതുകൊണ്ടാണു പലപ്പോഴും പഞ്ഞമില്ലാതെ കടന്നുപോയത്. സമീപത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണം മിച്ചംവരുന്നതും വിവാഹാഘോഷങ്ങളിൽ ബാക്കിയാകുന്ന ഭക്ഷണവുമെല്ലാം നടന്നു ശേഖരിച്ചു സുനിത നായ്ക്കൾക്കു വിളമ്പി.
Source link


