test del 4 copy of del 3
രാത്രിയിലും നിമിഷ നേരം കൊണ്ടു നാടൊന്നാകെ കൈകോർത്തു; ഒഴിവായതു വൻ ദുരന്തം

വാളയാർ ∙ കഞ്ചിക്കോട് ദേശീയപാതയിൽ മിനിലോറിയിൽ കൊണ്ടുപോയിരുന്ന സിഎൻജി സിലിണ്ടറുകൾ ചോർന്നതു പ്രദേശത്തെ മണിക്കൂറുകളോളം പരിഭ്രാന്തിയിലാക്കി. സംഭവ സമയത്ത് പ്രദേശത്തുണ്ടായ കനത്ത മഴയും അഗ്നിരക്ഷാസേനയുടെ സമയോചിത ഇടപെടലും വൻ ദുരന്തം ഒഴിവാക്കി. ഇന്നലെ രാത്രി 7.40നു കഞ്ചിക്കോട് ആശുപത്രി ജംക്‌ഷനു സമീപമായിരുന്നു അപകടം. വാതകം ചോർന്നതോടെ ദേശീയപാതയിൽ വാഹനം നിർത്തി ഡ്രൈവർ ഇറങ്ങിയോടി. അപകടത്തെ തുടർന്നു രാത്രി ഒരു മണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു. കനാൽ പിരിവിലുള്ള അദാനി സിഎൻജി ഗ്യാസ് പ്ലാന്റിൽ നിന്ന് കല്ലേക്കാട്ടെ സിഎൻജി പമ്പിലേക്കു കൊണ്ടുപോയിരുന്ന സിലിണ്ടറുകളാണു ചോർന്നത്. വാഹനത്തിൽ സിലിണ്ടർ ശേഖരം തെന്നി നീങ്ങി വാൽവുകൾ തകരാറിലായി കംപ്രസഡ് നാചുറൽ ഗ്യാസ് (പ്രകൃതി വാതകം) ചോരുകയായിരുന്നു. 43 സിലിണ്ടറുകളാണ് വാഹനത്തിലുണ്ടായിരുന്നത്. ഇതിൽ 16 സിലിണ്ടറുകൾ ചോർന്നെന്നാണ് അഗ്നിരക്ഷാസേന പറയുന്നത്. സിലിണ്ടറുകളിൽ വാൽവുകൾ തകരാറിലായ നിലയിലായിരുന്നു. ഇതിലൂടെയാണ് വാതകം ചോർന്നത്. സിലിണ്ടറുകൾ ചോർന്ന് പൂർണമായി വാതകം ഒഴിഞ്ഞ നിലയിലുമായിരുന്നു. സീനിയർ ഫയർ ഓഫിസർ അബ്ദുൽ നാസറിന്റെ നേതൃത്വത്തിൽ കഞ്ചിക്കോട് അഗ്നിരക്ഷാസേനയുടെ 2 ടീമാണ് സ്ഥലത്തെത്തിയത്. ചോർച്ച പൂർണമായി അടച്ച ശേഷം കമ്പനിയിൽ നിന്ന് സേഫ്റ്റി ഓഫിസർമാരുടെ സംഘമെത്തി. തുടർ പരിശോധനയ്ക്കു ശേഷം വാഹനവും സിലിണ്ടറുകളും വീണ്ടും കനാൽപ്പിരിവിലെ പ്ലാന്റിൽ എത്തിച്ചു. പിന്നീട് രാത്രി പതിനൊന്നരയോടെ സിലിണ്ടറുകൾ വീണ്ടും നിറച്ച് കല്ലേക്കാട്ടെ പമ്പിലേക്കു കൊണ്ടുപോയെന്നും ഉദ്യോഗസ്ഥ സംഘം അറിയിച്ചു. കഞ്ചിക്കോട് അഗ്നിരക്ഷാസേനയ്ക്കൊപ്പം സിവിൽ ഡിഫൻസ് അംഗങ്ങളും ഓടിക്കൂടിയ വ്യാപാരികളും പ്രദേശവാസികളും രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി.അതി ശക്തമായി വാതകം പടർന്നതോടെ വാഹനത്തിന് അരികിലേക്ക് ആദ്യം അടുക്കാനായില്ല. തീവ്രത കുറഞ്ഞ ശേഷമാണ് പിന്നീട് വാഹനത്തിന് അകിലെത്തി തകരാറിലായ വാൽവുകളിലൂടെയുള്ള ചോർച്ച അടച്ചത്. ദേശീയപാതയിൽ ഇരു ഭാഗങ്ങളിലെയും വാഹനങ്ങൾ അര കിലോമീറ്റർ അകലെ നിയന്ത്രിച്ചു നിർത്തിയാണു രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. അദാനി പ്ലാന്റിലെ സേഫ്റ്റി ഓഫിസർമാർക്കൊപ്പം കഞ്ചിക്കോട് വ്യവസായ മേഖലയിലെ വിവിധ കമ്പനികളിൽ നിന്നുള്ള സേഫ്റ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
Source link


