NATIIONAL

പാക്കിസ്ഥാൻ ടീമിന്റെ ക്യാപ്റ്റനായി രോഹിത് ശർമ, പ്ലേയിങ് ഇലവനിൽ മറ്റ് ഇന്ത്യൻ താരങ്ങളും; അന്തംവിട്ട് ആരാധകർ


ധാക്ക ∙ മത്സരം ബംഗ്ലദേശും പാക്കിസ്ഥാനും തമ്മിൽ; പക്ഷേ പ്ലേയിങ് ഇലവൻ ഇന്ത്യയുടേത്. ധാക്ക നാഷനൽ സ്റ്റേഡിയത്തിൽ ബംഗ്ലദേശും പാക്കിസ്ഥാനും തമ്മിൽ നടക്കുന്ന ഒന്നാം ടെസ്റ്റ് മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണത്തിനിടെയുണ്ടായ ഒരു വലിയ അബദ്ധമാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ദിനം പാക്കിസ്ഥാൻ പ്ലേയിങ് ഇലവനിലുള്ള താരങ്ങളുടെ പേരും അവരുടെ സ്റ്റാറ്റിസ്റ്റിക്സുകളും സ്ക്രീനിൽ പ്രദർശിപ്പിക്കാനാണ് ബ്രോഡ്കാസ്റ്റർമാർ ശ്രമിച്ചത്. എന്നാൽ പാക്കിസ്ഥാന്റെ പ്ലേയിങ് ഇലവന് പകരം ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ പേരുകൾ ഗ്രാഫിക്സിൽ തെറ്റായി കാണിക്കുകയായിരുന്നു. മത്സരത്തിൽ, ബംഗ്ലദേശ് ആദ്യ ഇന്നിങ്സിൽ 413 റൺസിന് ഓൾഔട്ടായിരുന്നു. സെഞ്ചറി നേടിയ ക്യാപ്റ്റൻ നജ്മുൽ ഹുസൈൻ ഷാന്റോ (130 പന്തിൽ 101), അർധസെഞ്ചറി നേടിയ മോമിനുൽ ഹഖ് (200 പന്തിൽ 91), മുസ്തഫിസുർ റഹിം (179 പന്തിൽ 71) എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് ബംഗ്ലദേശ് മികച്ച സ്കോറിലെത്തിയത്. 12 ഫോറുകളുടെയും രണ്ട് സിക്സറുകളുടെയും അകമ്പടിയോടെ വെറും 129 പന്തിൽ നിന്നാണ് ഷാന്റോ തന്റെ ഒൻപതാം ടെസ്റ്റ് സെഞ്ചറി നേടിയത്. പാക്കിസ്ഥാനായി പേസർ മുഹമ്മദ് അബ്ബാസ് അഞ്ച് വിക്കറ്റ് വീഴ്ത്തി. ഷഹീൻ അഫ്രീദി മൂന്നു വിക്കറ്റെടുത്തു. ആദ്യ ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ, രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ 1ന് 179 എന്ന നിലയിലാണ്. അസാൻ അവായിസ് (133 പന്തിൽ 85*), അബ്ദുല്ല ഫസൽ (78 പന്തിൽ 37*) എന്നിവരാണ് ക്രീസിൽ.


Source link

Back to top button