പറയാനും കേൾക്കാനും തിരുത്താനും സമയം കണ്ടെത്തണം; പിണറായിക്കും ഗോവിന്ദനും വിമർശനം; യോഗം നീണ്ടത് 13 മണിക്കൂർ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അവലോകനം ചർച്ച ചെയ്യാൻ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ നേതാക്കൾക്കെതിരെയും പാർട്ടിയുടെ ശൈലിയെക്കുറിച്ചും കടുത്ത വിമർശനങ്ങൾ ഉയർന്നതായി റിപ്പോർട്ട്. നേതാക്കളുടെ ഉള്ളിലുള്ള കാര്യങ്ങൾ പറയാൻ പറ്റാത്തവിധം സംഘടന സംവിധാനം മാറിയെന്നും അത് ആദ്യം തിരുത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. പറയാനുള്ളത് പറയാനും കേൾക്കാനും തിരുത്താനും സമയം കണ്ടെത്തണമെന്നും നേതാക്കൾ യോഗത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടി അംഗങ്ങളുടെ മനസ് പോലും എൽഡിഎഫിന് അനുകൂലമായിരുന്നില്ല. എല്ലാവരെയും തുറന്ന മനസോടെ കേൾക്കാൻ പാർട്ടി തയ്യാറാകണം. അതിനുള്ള അവസരങ്ങൾ ഉണ്ടെന്ന് ബോദ്ധ്യപ്പെടുത്തണം. ഇങ്ങനെയുള്ള കാര്യങ്ങളിലാണ് ആദ്യം തിരുത്തൽ വേണ്ടത്. നാല് മണിക്കൂറാണ് യോഗം നിശ്ചയിച്ചതെങ്കിലും പറയേണ്ട കാര്യങ്ങൾ പറഞ്ഞിട്ട് യോഗം അവസാനിപ്പിച്ചാൽ മതിയെന്ന് നേതാക്കൾ നിലപാടെടുത്തതോടെ 13 മണിക്കൂർ നീണ്ടു. പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പതിവില്ലാത്തവിധം വിമർശനങ്ങൾ നേരിട്ടു.
Source link


