‘ജയിക്കില്ലെന്ന് അറിയാമായിരുന്നിട്ടും നിർബന്ധിച്ച് മത്സരിപ്പിച്ചു’; തോൽവിയിൽ അതൃപ്തിയറിയിച്ച് ശൈലജ

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം നേരിട്ട കടുത്ത തോൽവിക്ക് പിന്നാലെ അതൃപ്തിയറിയിച്ച് കെ.കെ ശൈലജ. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ശൈലജ തന്റെ നിലപാട് വ്യക്തമാക്കിയത്. പേരാവൂർ നിയോജക മണ്ഡലത്തിൽ തനിക്ക് മത്സരിക്കാൻ താല്‍പര്യമില്ലാതിരുന്നിട്ടും നിർബന്ധിച്ച് മത്സരിപ്പിച്ചുവെന്നും ജയിക്കില്ലെന്ന് എല്ലാവർക്കും അറിയാമായിരുന്നുവെന്നുമാണ് ശൈലജ സെക്രട്ടറിയേറ്റിൽ പറഞ്ഞത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മട്ടന്നൂർ മത്സരിച്ചപ്പോൾ റെക്കാഡ് ഭൂരിപക്ഷത്തിലാണ് കെ.കെ ശൈലജ ജയിച്ചത്. എന്നാൽ ഇത്തവണ പേരാവൂരിൽ വോട്ടു ശതമാനത്തിൽ വമ്പിച്ച കുറവാണുണ്ടായത്. യുഡിഎഫ് സ്ഥാനാർത്ഥി സണ്ണി ജോസഫ് പതിനാലായിരത്തിലധികം വോട്ടുകൾക്കാണ് പേരാവൂരിൽ വിജയിച്ചത്. സ്വന്തം നാടായ ഇരിട്ടിയിലെ പായം ഗ്രാമപഞ്ചായത്തിലെ 13 ബൂത്തുകളിൽ ശൈലജ ലീഡ് ചെയ്തപ്പോൾ 12 ബൂത്തുകളിൽ ലീഡുയർത്തി തൊട്ടുപിന്നിൽ സണ്ണി ജോസഫ് ഉണ്ടായിരുന്നു. ഇടതുകോട്ടകളിൽ പോലും സിപിഎം സ്ഥാനാർത്ഥിക്ക് പ്രതീക്ഷിച്ച വോട്ട് ലഭിച്ചില്ല.
Source link


