test del 1

ബിജെപി പശ്ചിമബംഗാൾ ‘തൂക്കി’യിട്ടും കാര്യമില്ല, ആ നേട്ടത്തിന് 2029 വരെ കാത്തിരിക്കണം; കാരണം

കൊൽക്കത്ത: ഭരണവിരുദ്ധ വികാരത്തിൽ അടിതെറ്റിയ മുഖ്യമന്ത്രി മമതാ ബാനർജിയെ അടക്കം വീഴ്ത്തി 15 വർഷത്തെ തൃണമൂൽ ഭരണത്തിന് അന്ത്യം കുറിച്ചിരിക്കുകയാണ് ബിജെപി. സിറ്റിംഗ് മണ്ഡലമായ ഭവാനിപ്പൂരിൽ ബിജെപിയെ നയിച്ച സുവേന്ദു അധികാരിയിൽ നിന്ന് 15,000ൽ പരം വോട്ടുകൾക്കാണ് മമത തോൽവി ഏറ്റുവാങ്ങിയത്. ഭവാനിപ്പൂരിന് പുറമെ സിറ്റിംഗ് സീറ്റായ നന്ദിഗ്രാമിലും സുവേന്ദു ജയിച്ചു.

ഭവാനിപ്പൂരിൽ രാജിവച്ചാൽ മമതയ്ക്ക് വീണ്ടും മത്സരിക്കാൻ അവസരമൊരുങ്ങും. തൃണമൂൽ കോൺഗ്രസ് 81 സീറ്റിലൊതുങ്ങി. 2021ൽ സംപ്യൂജ്യരായിരുന്ന കോൺഗ്രസ് രണ്ടു സീറ്റും സി.പി.എം ഒരു സീറ്റും നേടി. ഹുമയൂൺ കബീറിന്റെ എ.ജെ.യു.പി രണ്ടുസീറ്റുകൾ നേടി. ഇന്ത്യൻ സെക്യുലർ ഫ്രണ്ട് ഒരു സീറ്റ് നിലനിറുത്തി. 200ലധികം സീറ്റുമായി ആധികാരിക വിജയം നേടിയാണ് ബിജെപി ബംഗാളിൽ അധികാരത്തിലേറുന്നത്. എന്നാൽ ബിജെപി ചരിത്ര വിജയം നേടിയെങ്കിലും രാജ്യസഭയിൽ ബംഗാൾ വിജയത്തിന്റെ നേട്ടങ്ങൾ ഉടൻ ലഭിക്കില്ല. രാജ്യസഭയിലെ സീറ്റ് വർദ്ധനവിന് ബിജെപി മൂന്ന് വർഷങ്ങൾ കാത്തിരിക്കണം. അതിന്റെ കാരണങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

രാജ്യസഭയിലേക്കുള്ള എംപിമാരെ വോട്ടർമാർക്ക് നേരിട്ട് തിരഞ്ഞെടുക്കാൻ സാധിക്കില്ല. സംസ്ഥാന അസംബ്ലികളിലെ എംഎൽഎമാരാണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. ആറ് വർഷത്തെ കാലാവധിയിലാണ് തിരഞ്ഞെടുക്കുന്നത്. അതായത് ഒരു സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഫലങ്ങൾ ആ സംസ്ഥാനത്തെ രാജ്യസഭാ സീറ്റുകൾ ഒഴിവുവരുമ്പോൾ മാത്രമേ ഉപരിസഭയെ ബാധിക്കുകയുള്ളൂ. ബംഗാളിന്റെ കാര്യത്തിൽ ആ കാത്തിരിപ്പ് വളരെ നീണ്ടതാണ്. 2029 ഓഗസ്റ്റിൽ മാത്രമേ രാജ്യസഭാ സീറ്റിൽ ഒഴിവുകളുണ്ടാകൂ. അപ്പോൾ മാത്രമേ ബിജെപിക്ക് അവരുടെ അംഗങ്ങളെ രാജ്യസഭയിലേക്ക് അയയ്ക്കാൻ സാധിക്കുകയുള്ളൂ.

പശ്ചിമബംഗാളിൽ നിന്ന് 16 എംപിമാരാണ് രാജ്യസഭയിലേക്ക് എത്തുന്നത്. 2029ൽ ആറ് രാജ്യസഭാ സീറ്റുകളിലേക്കാണ് ഒഴിവുവരുന്നത്. ആ ഘട്ടത്തിൽ മാത്രമേ ബിജെപി നയിക്കുന്ന നിയമസഭയ്ക്ക് സ്വന്തം എംപിമാരെ കൂടുതൽ തിരഞ്ഞെടുക്കാൻ കഴിയൂ. ഉടനടി ഒരു മാറ്റവും ബിജെപിക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കില്ല.

ബംഗാളിൽ ചരിത്ര വിജയം ബിജെപി നേടിയിട്ടും ഭരണഘടനാ ഭേദഗതികൾ പാസാക്കുന്നതിനുള്ള മൂന്നിൽ രണ്ട് ഭൂരിപക്ഷം രാജ്യസഭയിൽ നേടിയെടുക്കാൻ പാർട്ടിക്ക് സാധിച്ചിട്ടില്ല. ഇനി നടക്കാനിരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ മികച്ച വിജയം സ്വന്തമാക്കിയാൽ ബിജെപിക്ക് ആ നേട്ടം കൈവരിക്കാം. ബംഗാൾ തിരഞ്ഞെടുപ്പ് ഫലം മാത്രം ഇപ്പോൾ രാജ്യസഭയുടെ സന്തുലിതാവസ്ഥയെ മാറ്റം വരുത്തില്ല.


Source link

Back to top button