test del 3

‘ചെങ്ങന്നൂരിലെ ജനങ്ങൾ എന്നെ ചേർത്തു പിടിച്ചു’; വിജയാഘോഷം ഉപേക്ഷിച്ച് സജി ചെറിയാൻ


ചെങ്ങന്നൂർ ∙ വോട്ടെണ്ണൽ ദിനമായ ഇന്നലെ കൊഴുവല്ലൂരിലെ തെങ്ങുംതറയിൽ വസതിയിൽ തന്നെയായിരുന്നു എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാൻ. മാധ്യമപ്രവർത്തകരും ചുരുക്കം ചില സന്ദർശകരും മാത്രം ഇടയ്ക്കു വീട്ടിലെത്തി. ഉച്ചയ്ക്കു ശേഷം കുടുംബത്തോടൊപ്പം വീട്ടിനുള്ളിലായിരുന്നു സ്ഥാനാർഥി. നാലേകാലോടെ 15–ാം റൗണ്ടിലെ വോട്ടെണ്ണൽ പൂർത്തിയായ സമയത്ത് ഓഫിസ് മുറിയുടെ വാതിൽ തുറന്നു. കൊഴുവല്ലൂരിലെ പ്രവർത്തകരെത്തി ഷാൾ അണിയിച്ചു. കുട്ടികൾ ഉൾപ്പെടെ അനുമോദിക്കാനെത്തി. അവരെ ചേർത്തു നിർത്തി ചിത്രമെടുത്താണ് സ്ഥാനാർഥി സന്തോഷം പങ്കിട്ടത്. പിണറായി സർക്കാർ നടത്തിയ നല്ല കാര്യങ്ങൾക്കപ്പുറം യുഡിഎഫ് നടത്തിയ കള്ള പ്രചാരണങ്ങളിലൂടെ കുറച്ച് ആളുകളെ വിശ്വസിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും ഇതിന്റെ ഭാഗമായി ഉണ്ടായതാണ് തിരഞ്ഞെടുപ്പിൽ ഇപ്പോഴത്തെ തിരിച്ചടിയെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയായ സജി ചെറിയാൻ പറഞ്ഞു. ആറു മാസം കഴിയുമ്പോൾ കേരളത്തിലെ ജനങ്ങൾ പിശകുപറ്റി എന്നു തിരിച്ചറിയും. ആ പിശകിൽ നിന്നും ഉണ്ടാകുന്ന ഉയർത്തെഴുന്നേൽപാണ് എൽഡിഎഫിന് ഉണ്ടാകാൻ പോകുന്നത്. ഇതൊക്കെ താൽക്കാലിക പ്രതിഭാസമാണ്. പരാജയത്തെ വിനയത്തോടെ അംഗീകരിക്കുന്നു. കേരളത്തിന്റെ വികസനത്തിനു വേണ്ടി ജനങ്ങളുടെ ഉത്തമ താൽപര്യങ്ങൾ സംരക്ഷിക്കുവാൻ വിജയിച്ച യുഡിഎഫിനു കഴിയട്ടെ എന്ന് ആശംസിക്കുന്നു. ഇല്ലെങ്കിൽ ശക്തമായ പ്രതിപക്ഷമായി നിയമസഭയ്ക്കുള്ളിലും പുറത്തും എൽഡിഎഫ് ഉണ്ടാകും. യുഡിഎഫിനെ കൊണ്ട് ഒരിക്കലും മര്യാദയ്ക്ക് പ്രവർത്തിക്കാൻ കഴിയില്ല. മര്യാദയ്ക്ക് പ്രവർത്തിച്ച എൽഡിഎഫിന് ഈ ശിക്ഷയാണെങ്കിൽ അപ്രകാരം പ്രവർത്തിക്കാത്ത യുഡിഎഫിന് ജനങ്ങൾ എന്തായിരിക്കും നൽകുകയെന്നും സജി ചോദിച്ചു.


Source link

Back to top button