test del 1

ആദ്യം ഡൽഹി, പിന്നെ ബംഗാൾ,​ ഇനി പഞ്ചാബ്: ബിജെപിയുടെ തന്ത്രങ്ങൾ ഫലം കാണുമ്പോൾ..!

ഡൽഹിയിൽ അരവിന്ദ്‌ കെജ്രിവാളിന്റെ ആം ആദ്മിയെയും പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനെയും പരാജയപ്പെടുത്തി വലിയൊരു രാഷ്ട്രീയ വിജയം നേടിയിരിക്കുകയാണ് ബിജെപി. 294 സീറ്റില്‍ 200 ഉം ജയിച്ച് ചരിത്രമെഴുതിയാണ് ബംഗാളിൽ ബിജെപി ഭരണം പിടിച്ചെടുത്തത്. പ്രതിപക്ഷ പാർട്ടികളുടെ കോട്ടകളായി കണക്കാക്കപ്പെട്ടിരുന്ന ഡൽഹിയും ബംഗാളും പിടിച്ചെടുത്തതോടെ ബിജെപിയുടെ ദേശീയ സാന്നിധ്യം കൂടുതൽ ശക്തമായിരിക്കുകയാണ്. കെജ്രിവാളിനെയും മമത ബാനർജിയെയും വോട്ടർമാർ കൈവിട്ടത് ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവെച്ചിരിക്കുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.

എക്സിറ്റ് പോൾ പ്രവചനങ്ങളെ പൂർണമായും തള്ളിക്കളഞ്ഞ മമത താൻ തന്നെ വീണ്ടും അധികാരത്തിൽ വരുമെന്ന് വിശ്വാസിച്ചിരുന്നുവെങ്കിലും തെരഞ്ഞെടുപ്പ് ഫലം മമതയ്ക്ക് കനത്ത തിരിച്ചടിയാണ്. 2011-ൽ ബംഗാളിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയായ മമത മൂന്ന് തവണ തുടർച്ചയായി പരാജയമറിയാതെ മുന്നേറി. ഇത്തവണ സ്വന്തം മണ്ഡലമായ ഭവാനിപൂരിൽ ബിജെപിയുടെ സുവേന്ദു അധികാരിയോട് പരാജയപ്പെട്ടത് സംസ്ഥാന രാഷ്ട്രീയത്തിൽ സംഭവിക്കാൻ പോകുന്ന മാറ്റങ്ങളുടെ സൂചനയാണെന്നാണ് രാഷ്ട്രീയ നിരീക്ഷർ പറയുന്നത്. ഇത് രണ്ടാം തവണയാണ് സുവേന്ദു അധികാരി മമതയെ പരാജയപ്പെടുത്തുന്നത്. 2021-ൽ നന്ദിഗ്രാമിലായിരുന്നു ആദ്യമായി മമത സുവേന്ദു അധികാരിയോട് പരാജയപ്പെട്ടത്. എന്നാൽ ഇത്തവണ ബിജെപി സർക്കാർ അധികാരത്തിൽ വരുന്നതിനാൽ ഈ തോൽവി മമത ബാനർജിയുടെ രാഷ്ട്രീയ ജീവിതത്തെ സംബന്ധിച്ച് ഏറെ നിർണ്ണായകമാണ്.

സുവേന്ദു അധികാരി 73,917 വോട്ടുകൾ നേടിയപ്പോൾ മമത ബാനർജിക്ക് ലഭിച്ചത് 58,812 വോട്ടുകൾ മാത്രമാണ്. 2021-ൽ 1,950 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു അധികാരിയുടെ ജയം. എന്നാൽ അന്ന് തൃണമൂൽ കോൺഗ്രസിന് 215 സീറ്റുകളുടെ ഭൂരിപക്ഷം ഉണ്ടായിരുന്നതിനാൽ ഭവാനിപൂർ ഉപതിരഞ്ഞെടുപ്പിലൂടെ മമത മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തി. 2011 മുതൽ മമതയുടെ ഉറച്ച കോട്ടയാണ് ഭവാനിപൂർ. 2011-ലും 2016-ലും അവർ അവിടെ നിന്ന് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു. പക്ഷെ ഇത്തവണ ഭവാനിപൂരിലെ ജനങ്ങൾ മമതയെ കൈവിട്ടു.

പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാള്‍ പിടിച്ചടക്കിയ ശേഷം തന്റെ അടുത്ത ലക്ഷ്യം ഡല്‍ഹിയായിരിക്കുമെന്ന മമതയുടെ വെല്ലുവിളിയുടെ മുനയൊടിച്ച് ഡൽഹിയ്ക്ക് ശേഷം ബംഗാൾ എന്ന തങ്ങളുടെ ലക്ഷ്യം യാഥാർത്ഥ്യമാക്കാൻ ബിജെപിയുടെ തന്ത്രങ്ങൾക്ക് സാധിച്ചു.

ഇത്തവണ ബിജെപിയുടെ യന്ത്രങ്ങൾക്ക് മുന്നില്‍ മമതയ്ക്കും തൃണമൂൽ കോൺഗ്രസിനും പിഴച്ചു. 294 സീറ്റില്‍ 200 ഉം ജയിച്ച് ചരിത്രമെഴുതിയാണ് ബിജെപി ഭരണം പിടിച്ചെടുത്തത്.

കഴിഞ്ഞ മൂന്ന് തവണയും ബംഗാളിലെ വനിതാ വോട്ടര്‍മായിരുന്നു തൃണമൂലിനെ തുണച്ചത്. സ്ത്രീകളെ ലക്ഷ്യം വച്ച് നിരവധി ക്ഷേമ പദ്ധതികൾ പാർട്ടി അവതരിപ്പിച്ചിരുന്നു. അതേ തന്ത്രമാണ് ഇത്തവണ ബിജെപിയും ബംഗാളിൽ പയറ്റിയത്. കേന്ദ്ര സര്‍ക്കാരിന്റെ സ്ത്രീ കേന്ദ്രീകൃത പദ്ധതികളും വാഗ്ദാനങ്ങളും ബിജെപിയ്ക്ക് തിരഞ്ഞെടുപ്പിൽ അനുകൂലമായി. പ്രധാനമന്ത്രി നരേന്ദ മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ബംഗാളില്‍ ഫലം കണ്ടു.

മറ്റൊന്ന് എസ്ഐആറായിരുന്നു. ഇത് തൃണമൂലിന്റെ വോട്ട് ബാങ്കുകളെ ലക്ഷ്യമിട്ടാണെന്ന് ആദ്യം മുതലേ ആരോപണമുണ്ടായിരുന്നു. വോട്ടർ പട്ടികയിൽ നിന്നും 90 ലക്ഷം പേരാണ് പുറത്തുപോയത്. 60 ലക്ഷത്തിലധികം പേരെ മരിച്ചവരെന്ന കണക്കിലാണ് ഉൾപ്പെടുത്തിയത്. 27 ലക്ഷം പേരുടെ വോട്ടവകാശം ട്രൈബ്യൂണൽ പരി​ഗണനയിലാണ്. വോട്ടവകാശം നഷ്ടമായവരിൽ ഏകദേശം 65 ശതമാനവും മുസ‍്‍ലിം വിഭാ​ഗക്കാരുമാണ്. മതുവ സമുദായത്തിൽ നിന്നുള്ള ദളിതരും സ്ത്രീകളുമാണ് പുറത്തായവരിൽ കൂടുതൽ.

2013-ലെ തന്റെ ആദ്യ തിരഞ്ഞെടുപ്പിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിത്തിനെ 25,846 വോട്ടുകൾക്ക് പരാജയപ്പെടുത്തിക്കൊണ്ടാണ് ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാൾ ഡൽഹി സീറ്റിൽ വിജയിച്ചത്. 44,269 വോട്ടുകളാണ് നേടിയത്. 2015-ൽ ഇത് 57,213 വോട്ടുകളായി വർധിച്ചു. എന്നാൽ 2020-ൽ ഇത് 46,758 വോട്ടുകളായി ആയി കുറഞ്ഞു. തുടർന്ന് 2025-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ അട്ടിമറി വിജയത്തോടെ ബിജെപി ഡൽഹിയിൽ അധികാരത്തിലെത്തി. മൂന്ന് തവണ വിജയിച്ച കെജ്രിവാളിന് 4,000 വോട്ടുകൾക്ക് തന്റെ സീറ്റ് നഷ്ടമായി. ബിജെപിയുടെ പർവേശ് വർമ്മയാണ് കെജ്രിവാളിനെ പരാജയപ്പെടുത്തിയത്.

ഡൽഹിയും ബംഗാളും പിടിച്ചെടുത്തതോടെ അജയ്യരെന്ന് കരുതിയിരുന്ന രണ്ട് കരുത്തരായ നേതാക്കളെയാണ് ബിജെപി പരാജയപ്പെടുത്തിയത്. ബംഗാൾ വിജയത്തിന് ശേഷം ‘അടുത്തത് പഞ്ചാബ്’ എന്ന് ബിജെപിയുടെ പഞ്ചാബ് ഘടകം സോഷ്യൽ മീഡിയയിൽ കുറിച്ചത് പാർട്ടി ലക്ഷ്യമിടുന്ന അടുത്ത മാറ്റത്തിന്റെ സൂചനയാണ്.

TAGS: NEWS 360, NATIONAL, NATIONAL NEWS, KERALA, BANGAL, DELHI, MAMATA BANRJEE, ARVIND KEJRIWAL, BJP, TMC, AAP


Source link

Back to top button