test del 2

ട്രംപിന് യുഎസിനെ നയിക്കാനുള്ള മാനസിക സ്ഥിരതയുണ്ടോ? ചോദ്യവുമായി ഡെമോക്രാറ്റ് പ്രതിനിധി | Video


വാഷിങ്ടൺ: യു.എസ്. പ്രതിരോധ ബജറ്റിനെക്കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന ഹൗസ് ആംഡ് സർവീസസ് കമ്മിറ്റിയുടെ വാദം കേൾക്കലിനിടെ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മാനസിക നിലയെക്കുറിച്ച് ഡെമോക്രാറ്റ് പ്രതിനിധിയായ സാറ ജേക്കബ്‌സ് സഭയിൽ ചോദ്യം ഉന്നയിച്ചതോടെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പ്രകോപിതനായി.സേനയുടെ കമാൻഡർ-ഇൻ-ചീഫ് എന്ന നിലയിൽ പ്രവർത്തിക്കാൻ ട്രംപ് മാനസികമായി ആരോഗ്യവാനാണോ എന്നും ഇക്കാര്യത്തിൽ തന്റെ മണ്ഡലത്തിലുള്ളവർക്ക് ആശങ്കയുണ്ടെന്നുമായിരുന്നു സാറ ജേക്കബ്‌സിന്റെ ചോദ്യം. അദ്ദേഹം രാജ്യത്തെ നയിക്കാൻ പ്രാപ്തനാണോ എന്നും സാറ ചോദിച്ചു. ഈ ചോദ്യത്തോട് രോഷാകുലനായ ഹെഗ്സെത്ത്, മുൻ പ്രസിഡന്റ് ജോ ബൈഡനെക്കുറിച്ച് കഴിഞ്ഞ നാല് വർഷം ഇത്തരത്തിലുള്ള ചോദ്യങ്ങൾ ചോദിച്ചിരുന്നോ എന്ന് തിരിച്ചടിച്ചു. ഇതോടെ ട്രംപ് ഒന്നര വർഷമായി പ്രസിഡന്റാണെന്നും ജോ ബൈഡൻ ഇപ്പോൾ അധികാരത്തിലില്ലെന്നും ജേക്കബ്‌സ് വ്യക്തമാക്കി. ട്രംപ് തലമുറകൾ കണ്ടതിൽവെച്ച് ഏറ്റവും ബുദ്ധിശക്തിയുള്ള സൈന്യാധിപനാണെന്നും സൈനികരുടെ ക്ഷേമത്തിന് മുൻഗണന നൽകുന്ന ഒരു മികച്ച കമാൻഡർ-ഇൻ-ചീഫ് ആണെന്നും ഹെഗ്സെത്ത് മറുപടിയായി പറഞ്ഞു.ട്രംപിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളാണ് വാദം കേൾക്കലിനിടെ പ്രധാനമായും ചോദ്യം ചെയ്യപ്പെട്ടത്. ഇറാൻ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അവരെ ഒരു രാത്രി കൊണ്ട് നശിപ്പിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. യേശുവിനെപ്പോലെ ദിവ്യപ്രകാശത്തോടെ ഒരാളെ സുഖപ്പെടുത്തുന്ന രീതിയിലുള്ള തന്റെ എഐ ചിത്രവും ട്രംപ് പങ്കുവെച്ചിരുന്നു. ഇതിനെതിരെ സ്വന്തം പാർട്ടിയിൽനിന്നു തന്നെ ട്രംപിനെതിരേ വിമർശനം ഉയർന്നു. ഇതോടെ ചിത്രം അദ്ദേഹം പിൻവലിച്ചിരുന്നു. ഈ ഹിയറിങ്ങിനു തൊട്ടുമുമ്പ് തോക്കേന്തിയ രീതിയിലുള്ള തന്റെ തന്നെ ഒരു എഐ ചിത്രവും ട്രംപ് പോസ്റ്റ് ചെയ്തിട്ടുണ്ട്.60 ദിവസങ്ങൾ പിന്നിട്ട ഇറാൻ യുദ്ധം ഇതിനകം 13 യുഎസ് സേനാംഗങ്ങളുടെ ജീവൻ കവർന്നു. ലോകമെമ്പാടും ഇന്ധനവില വർധിക്കാനും ഊർജ്ജ പ്രതിസന്ധിക്കും യുദ്ധം കാരണമായിട്ടുണ്ട്. ഇത്തരമൊരു ഗുരുതരമായ സാഹചര്യത്തിൽ പ്രസിഡന്റ് ഇത്തരം അവിവേകപരമായ പോസ്റ്റുകൾ ഇടുന്നത് ആശങ്കാജനകമാണെന്ന് സാറ ജേക്കബ്‌സ് ചൂണ്ടിക്കാട്ടി. ട്രംപിന്റെ പെരുമാറ്റത്തിന്റെ കാര്യത്തിലുള്ള ആശങ്ക രാഷ്ട്രീയ പാർട്ടി ഭേദമന്യേ നിലനിൽക്കുന്നുണ്ടെന്ന് ജേക്കബ്‌സ് വാദിച്ചു. മാർജറി ടെയ്ലർ ഗ്രീൻ, ടക്കർ കാൾസൺ തുടങ്ങിയ ട്രംപ് അനുകൂലികളായ നേതാക്കളിൽനിന്ന് പോലും വിമർശനങ്ങൾ ഉയർന്നതായും അവർ പറഞ്ഞു.


Source link

Back to top button