test del 1

നിങ്ങളുടെ ഫോണിൽ ഈ മെസേജ് വന്നോ? ആശങ്ക വേണ്ട,കാരണം ഇതാണ്

ന്യൂ‌ഡൽഹി: ഈ ആഴ്ച നിങ്ങളുടെ മൊബൈൽ ഫോണിൽ ഉച്ചത്തിലുള്ള ബീപ്പ് ശബ്ദമോ അപ്രതീക്ഷിത സന്ദേശമോ വന്നാൽ ആശങ്കപ്പെടേണ്ടതില്ല. ഇത് ദേശീയ ദുരന്ത നിവാരണ അതോറിറ്റി നടത്തുന്ന പരീക്ഷണമാണ്. ടെലികമ്യൂണിക്കേഷൻ വകുപ്പും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ചേർന്ന്, തിരഞ്ഞെടുത്ത പ്രദേശത്തെ എല്ലാ മൊബൈൽ ഫോണുകളിലേക്കും ഒരേസമയം അടിയന്തര മുന്നറിയിപ്പുകൾ നൽകാൻ കഴിയുന്ന ഒരു പുതിയ സെൽ ബ്രോഡ്‌കാസ്റ്റ് അലർട്ട് സിസ്റ്റത്തിന്റെ പരീക്ഷണങ്ങൾ നടത്തുകയാണ്. സംവിധാനത്തിന്റെ പ്രവർത്തനവും വിശ്വാസ്യതയും പരിശോധിക്കുന്നതിനുള്ള പരീക്ഷണങ്ങളാണ് രാജ്യവ്യാപകമായി നടത്തി വരുന്നത്.

ഇംഗ്ലീഷിലും ഹിന്ദിയിലും പ്രാദേശിക ഭാഷകളിലും സന്ദേശങ്ങൾ വരാം. “ഇതൊരു പരീക്ഷണ സന്ദേശമാണ്” എന്ന് അതിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടാകും.അത്യാഹിത ഘട്ടങ്ങളിൽ (ഭൂകമ്പം, സുനാമി, വെള്ളപ്പൊക്കം തുടങ്ങിയവ) മുന്നറിയിപ്പ് നൽകുന്നതിനായി ഇന്ത്യയിലുടനീളം നടത്തുന്ന പരീക്ഷണമാണിത്. ഈ സന്ദേശം കിട്ടിക്കഴിഞ്ഞാൽ ഭയപ്പെടുകയോ മറുപടി നൽകുകയോ ചെയ്യേണ്ടതില്ല.

സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്സ് (C-DOT) വികസിപ്പിച്ചെടുത്ത SACHET എന്ന അലർട്ട് പ്ലാറ്റ്‌ഫോമുമായി ഈ സിസ്റ്റം സംയോജിപ്പിച്ചിരിക്കുന്നു. സെൽ ബ്രോഡ്‌കാസ്റ്റ് ടെസ്റ്റ് അലർട്ടുകൾ പ്രവർത്തനക്ഷമമാക്കിയിട്ടുള്ള മൊബൈൽ ഫോണുകളിൽ മാത്രമേ ടെസ്റ്റ് സന്ദേശങ്ങൾ ലഭിക്കൂ. പരീക്ഷണങ്ങൾ വിജയകരമായി പൂർത്തീകരിച്ചു കഴിഞ്ഞാൽ ഈ സംവിധാനം വഴി പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോൾ വേഗത്തിലും കൃത്യമായും ആളുകൾക്ക് മുന്നറിയിപ്പ് നൽകാൻ സാധിക്കും.
TAGS: NEWS 360, NATIONAL, NATIONAL NEWS, NATIONAL DISASTER MANAGMENT, MESSAGE, TELE COMMUNICATION DEPARTMENT


Source link

Back to top button