ഡിജിറ്റൽ അറസ്റ്റ് ഭീഷണിയിൽ തകർന്ന് യുവതിയുടെ ആത്മഹത്യ, സംസ്‌കാര ചടങ്ങിലും ഭീഷണി

ലക്‌നൗ: പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന ഡിജിറ്റൽ അറസ്റ്റ് നടുത്തുമെന്ന ഭീഷണിയിൽ യുവതി ജീവനൊടുക്കി. ഉത്തർപ്രദേശിലെ ബിജ്‌നോർ സ്വദേശി മോണിക്കയാണ് (28) മരിച്ചത്. എട്ടും പത്തും വയസുള്ള മക്കളെ ഉറക്കി കിടത്തിയതിന് ശേഷമാണ് മോണിക്കയുടെ കടുംകൈ. മക്കൾ ഉറക്കമുണർന്നപ്പോൾ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ യുവതിയെ കാണുകയായിരുന്നു.
ആദ്യം മരണത്തിൽ ദുരൂഹത തോന്നിയില്ലെങ്കിലും പിന്നീട് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പാണ് തട്ടിപ്പിന്റെ ചുരുളഴിച്ചത്.’ക്ഷമിക്കണം ജിയ, അമ്മയ്ക്ക് മരിക്കേണ്ടി വന്നു’ മകളെ പേര് പറഞ്ഞുകൊണ്ടാണ് കത്ത് ആരംഭിക്കുന്നത്. ഒരാൾ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും മാനസികമായി തകർക്കുന്നതായും ഭർത്താവ് രൺധീറിനുള്ള കുറിപ്പിലും യുവതി എഴുതിയിട്ടുണ്ട്.
യുവതിയുടെ ഫോൺ പരിശോധിച്ച വീട്ടുകാർക്ക് അഞ്ച് വ്യത്യസ്ത നമ്പറുകളിൽ നിന്നുള്ള വാട്‌സാപ്പ് കോളുകളും സന്ദേശങ്ങളും ഓഡിയോ റെക്കാഡിംഗുകളും ലഭിച്ചു. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്ന് സ്വയം പരിചയപ്പെടുത്തിയ തട്ടിപ്പുകാർ, മോണിക്ക മനുഷ്യക്കടത്ത് അടക്കമുള്ള ഗുരുതരമായ കേസുകളിൽ പ്രതിയാണെന്ന് വിശ്വസിപ്പിച്ചു. ഇത്തരം ഡിജിറ്റൽ അറസ്റ്റ് ഭീഷണികളിലൂടെ യുവതിയെ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും കഴിയാത്ത വിധം മാനസികമായി ബുദ്ധിമുട്ടിക്കുകയായിരുന്നു ഇവർ.
സംസ്‌കാര ചടങ്ങ് നടക്കമ്പോഴും മോണിക്കയുടെ ഫോണിലേക്ക് വീഡിയോ കോളുകൾ വന്നുകൊണ്ടിരുന്നു. യുവതിയുടെ അനന്തരവൻ ഫോൺ എടുത്തപ്പോൾ പൊലീസ് യൂണിഫോം ധരിച്ച ഒരാളെയാണ് വീഡിയോ കോളിലൂടെ കണ്ടത്. മോണിക്ക മരിച്ച വിവരം പറഞ്ഞപ്പോൾ, തട്ടിപ്പുകാർ ഭർത്താവ് രൺധീറിനെ ജയിലിലടയ്ക്കുമെന്നും കുടുംബത്തെ മുഴുവൻ തകർക്കുമെന്നും ഭീഷണിപ്പെടുത്തി. ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. ഫോൺ രേഖകളും ആത്മഹത്യാക്കുറിപ്പും വിശദമായി പരിശോധിച്ചുവരികയാണ്. പൊലീസ് എന്ന വ്യാജേന കോളുകൾ ലഭിച്ചാൽ ഭയപ്പെടാതെ ഉടൻ തന്നെ സൈബർ സെല്ലിൽ വിവരമറിയിക്കണമെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു.
Source link


