test del 3

എക്സിറ്റ് പോൾ: ആഹ്ലാദത്തിൽ കോൺഗ്രസ്; വെറും ‘പ്രവചന വ്യായാമം’ എന്ന് സിപിഎം


തിരുവനന്തപുരം ∙ എക്സിറ്റ് പോളുകൾ കൂട്ടത്തോടെ ഭരണമാറ്റം പ്രവചിച്ചതോടെ കോൺഗ്രസിന് തികഞ്ഞ ആത്മവിശ്വാസം. എല്ലാ ഏജൻസികളും ഒരുപോലെ യുഡിഎഫ് സാധ്യതയിലേക്കു വിരൽചൂണ്ടുന്നത് കോൺഗ്രസ് കേന്ദ്രങ്ങളിൽ ആഹ്ലാദം നിറച്ചു. എക്സിറ്റ് പോളുകൾക്ക് ഒരിക്കലും അമിത പ്രാധാന്യം കൊടുക്കാറില്ലെന്ന നിലപാടിലാണ് സിപിഎം.എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന പൊതുസൂചന 71 മുതൽ 94 വരെ സീറ്റ് യുഡിഎഫിന് ലഭിക്കാമെന്നാണ്. എൽഡിഎഫിന് 44 മുതൽ 68 വരെ സീറ്റ് ലഭിക്കാം. ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന സൂചനകളാണ് ചിലതിലെങ്കിൽ 7 സീറ്റ് വരെ കിട്ടിയേക്കാമെന്ന പ്രവചനവുമുണ്ട്. എക്സിറ്റ് പോളുകൾ കൂടുതൽ മ്ലാനത എൽഡിഎഫ് കേന്ദ്രങ്ങളിൽ സൃഷ്ടിച്ചു. ഭരണത്തുടർച്ച എന്ന പ്രതീക്ഷ കൈവിടുന്നില്ലെങ്കിലും സിപിഎമ്മിന്റെയും സിപിഐയുടെയും പാർട്ടിക്കകത്തെ വിശകലനങ്ങളിൽ ഉറച്ച ജയസാധ്യത കണ്ടിരുന്നില്ല. എക്സിറ്റ് പോൾ ഫലങ്ങൾ പലപ്പോഴും പിശകിയിട്ടുണ്ടെന്ന് സിപിഎം കേന്ദ്രങ്ങൾ ഓർമിപ്പിക്കുന്നു. 2023ലെ മധ്യപ്രദേശ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിനാണ് എക്സിറ്റ് പോളുകൾ സാധ്യത കൽപിച്ചതെങ്കിൽ ബിജെപി അധികാരം നിലനിർത്തുകയാണു ചെയ്തത്. ഛത്തീസ്ഗഡിലും കോൺഗ്രസ് വരുമെന്നായിരുന്നു പ്രവചനമെങ്കിൽ ബിജെപിയാണു ജയിച്ചത്. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ ബിജെപി വൻ ഭൂരിപക്ഷത്തോടെ ഭരണം നിലനിർത്തുമെന്നായിരുന്നു ഏറിയ പങ്കും പ്രവചനങ്ങൾ. പക്ഷേ, പ്രവചിച്ചതിലും ശക്തമായ ചെറുത്തുനിൽപ് ഇന്ത്യാസഖ്യത്തിൽനിന്നുണ്ടായി. ഇതെല്ലാം ചൂണ്ടിക്കാട്ടി ‘പ്രവചന വ്യായാമം എന്നതിനപ്പുറം യഥാർഥ ജനവിധിയായി എക്സിറ്റ് പോൾ ഫലങ്ങളെ കാണേണ്ടതില്ല’ എന്ന പാർട്ടി നിലപാട് ആവർത്തിക്കുകയാണ് സിപിഎം.


Source link

Back to top button