ഹർത്താലിലെ അനിഷ്ട സംഭവങ്ങൾ: പൊലീസിന് വീഴ്ചയെന്ന് ഇന്റലിജൻസ്

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻരാജിന്റെ മരണത്തിനു ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ജസ്റ്റിസ് ഫോർ നിതിൻരാജ് ആക്ഷൻ കൗൺസിലും ദളിത് സംഘടനകളും ആഹ്വാനം ചെയ്ത ഹർത്താലിൽ അനിഷ്ട സംഭവങ്ങൾ തടയുന്നതിൽ പൊലീസിന് വീഴ്ചയെന്ന് ഇന്റലിജൻസ്. മുന്നൊരുക്കം നടത്തുന്നതിലാണ് പൊലീസിന് വീഴ്ച. ഹർത്താൽ പ്രഖ്യാപിച്ച സംഘടനകൾക്ക് സ്വാധീനമുള്ള മേഖലകളിൽ പ്രവർത്തകരുടെ ഒത്തുചേരലും വാഹനം തടയലും ഉൾപ്പടെ നടക്കുമെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്യാത്തതും വീഴ്ചാണെന്ന് കണ്ടെത്തൽ. ഹർത്താൽ അനുകൂലികൾ വിവിധയിടങ്ങളിൽ വാഹനം തടയുകയും രോഗികളും വിദ്യാർത്ഥികളും വലയുകയും ചെയ്തു. സ്വകാര്യ വാഹനങ്ങൾക്ക് ഉൾപ്പെടെ നാശമുണ്ടായി. പള്ളിപ്പുറം, കണിയാപുരം, നെടുമങ്ങാട്, തിരുവല്ല തുടങ്ങിയ പ്രദേശങ്ങളിൽ ഹർത്താൽ അനുകൂലികൾ സംഘം ചേരുമെന്ന് മുൻകൂട്ടി വിലയിരുത്താനായില്ല. വാഹനങ്ങൾ തടയുമെന്നും കടകൾ അടിപ്പിക്കുമെന്നും മുൻകൂട്ടി കണ്ട് ആവശ്യത്തിന് സുരക്ഷയൊരുക്കാൻ പൊലീസിന് കഴിയാത്തതും വീഴ്ചയായെന്നാണ് റിപ്പോർട്ട്. 52 ദളിത് സംഘടനകളുടെ പിന്തുണയോടെ നടന്ന ഹർത്താലിൽ പ്രതിഷേധ സാധ്യത പൊലീസ് കാര്യമായെടുത്തുമില്ല. അനിഷ്ടസംഭവങ്ങളുണ്ടായതിൽ ഹൈക്കോടതി സ്വമേധയാ ഇടപെട്ടിരുന്നു.
27 കേസുകളെടുത്തതായും നൂറോളം പേരെ അറസ്റ്റു ചെയ്തതായും ഡി.ജി.പി ഹൈക്കോടതിയെ അറിയിച്ചിരുന്നു.
Source link


