ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ : ഡോ. സജി ഗോപിനാഥിന്റെ നിയമനം ചട്ടവിരുദ്ധം, ഗവർണർക്ക് നിവേദനം

തിരുവനന്തപുരം : ചാൻസലറായ ഗവർണറുടെ അനുമതിയില്ലാതെ സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സ്ഥാനം ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ, സജി ഗോപിനാഥ് ഏറ്റെടുത്തെന്ന് ആരോപണം. സജി ഗോപിനാഥിനെതിരെ അച്ചടക്ക നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂ ണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി. നിലവിലെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് വിരമിച്ച ഒഴിവിലാണ് ഡോ. സജി ഗോപിനാഥിന് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റിന്റെ ചുമതല മുഖ്യമന്ത്രി നൽകിയിരിക്കുന്നത്. സയൻസിലോ ടെക്‌നോളജിയിലോ വൈദഗ്ദ്ധ്യമുള്ളവരെമാത്രമേ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി നിയമിക്കാൻ വ്യവസ്ഥയുള്ളു. കാലിക്കറ്റ് ഐ. ഐ.എമ്മിലെ മാനേജ്‌മെന്റ് പ്രൊഫസറായ സജി ഗോപിനാഥ് ശാസ്ത്രജ്ഞനല്ല. അതുകൊണ്ട് ശാസ്ത്രസാങ്കേതിക കൗൺസിലിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പദവിക്കുള്ള യോഗ്യതയില്ല. അദ്ദേഹത്തിന്റെ നിയമനം ചട്ടവിരുദ്ധമാണെന്ന് നിവേദനത്തിൽ പറയുന്നു.
Source link


