‘വോട്ടെണ്ണൽ കഴിയും വരെ മുറികൾ തുറക്കരുത്; നിർദേശവുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം: കോഴിക്കോട് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സ്‌ട്രോംഗ് റൂം തുറന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇടപെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ. പോളിംഗിന് ശേഷം തിരഞ്ഞെടുപ്പ് സാമഗ്രികൾ സൂക്ഷിച്ചിരിക്കുന്ന വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സീൽ ചെയ്തതും അല്ലാത്തതുമായ മുറികൾ ഒരു കരാണവശാലും തുറക്കരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകി. വോട്ടെണ്ണൽ കഴിയും വരെ മെറ്റീരിയൽ റൂം ഉൾപ്പടെ ഒരു മുറിയും തുറക്കാൻ പാടില്ലെന്നാണ് 14 ജില്ലാ കളക്ടർമാർക്കും റിട്ടേണിംഗ് ഓഫീസർമാർക്കും നിർദേശം നൽകിയിരിക്കുന്നത്. ഉദ്യോഗസ്ഥർ കെെവശം വയ്‌ക്കേണ്ട രേഖകൾ മുറികളിൽ വച്ച് പൂട്ടിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്കാണ്. അതിന്റെ പേരിൽ വോട്ടെണ്ണൽ ദിവസത്തിന് മുൻപ് മുറികൾ തുറക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. അത് സംശയത്തിനിടയാക്കുകയും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യതയെ ബാധിക്കുകയും ചെയ്യും. അങ്ങനെ ചെയ്യുന്നത് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്ക് വിരുദ്ധമാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചിട്ടുണ്ട്.
Source link


