എസിയും ഫാനും മാത്രല്ല പ്രശ്നക്കാരൻ, പുതിയ ട്രെൻഡ് തുടർന്നാൽ വരും മാസങ്ങളിലെ കറന്റ് ബില്ല് മലയാളികൾ ‘താങ്ങില്ല’

തിരുവനന്തപുരം: കൊടുംവേനലിൽ പരിധിവിട്ട വൈദ്യുതി ഉപഭോഗം ലോഡ് ഷെഡിംഗ്, സർചാർജ് എന്നിവയിൽ കൊണ്ടെത്തിച്ചേക്കും. പ്രതിദിന ഉപഭോഗത്തിലും പീക്ക് ടൈം ഡിമാൻഡിലും ഇന്നലെ റെക്കാഡിട്ടു. പ്രതിദിന ഉപഭോഗം ഇന്നലെ 116.11 ദശലക്ഷം യൂണിറ്റായി ഉയർന്നു. 2024 മേയ് 3ന് രേഖപ്പെടുത്തിയ 115.94 ദശലക്ഷം യൂണിറ്റിനെയാണ് മറികടന്നത്. പീക്ക് ടൈം ഡിമാൻഡ് 6013 മെഗാവാട്ട് എന്ന സർവകാല റെക്കാഡിലെത്തി. എ.സി, ഫാൻ എന്നിവയ്ക്ക് വിശ്രമം നൽകാത്തതും പാചകവാതകക്ഷാമം കാരണം ഇൻഡക്ഷൻ കുക്കറിനെ ആശ്രയിക്കുന്നതുമാണ് വൈദ്യുതി ഉപഭോഗം കുത്തനേ കൂട്ടിയത്. കഴിഞ്ഞ വർഷത്തെക്കാൾ പ്രതിദിനം എട്ടു ദശലക്ഷം യൂണിറ്റ് കൂടുതൽ ഉപയോഗിക്കുന്നു. സംസ്ഥാനത്തെ പരമാവധി വിതരണശേഷി 6300 മെഗാവാട്ടാണ്. ഇന്നലെ 6013 മെഗാവാട്ടിലെത്തി. പലയിടത്തും ലോഡ് താങ്ങാനാകാത്ത സ്ഥിതിയാണ്. ഷൊർണ്ണൂർ, കോഴിക്കോട്, കാസർകോട് മേഖലകളിൽ ലോഡ് നിയന്ത്രിക്കാൻ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്തി. തിരുവനന്തപുരം പോത്തൻകോട് മുതൽ മലപ്പുറത്തെ അരീക്കോട് വരെ മാത്രമാണ് 400 കെ.വി ശേഷിയുള്ളത്. ഇവിടങ്ങളിലേ 6300 മെഗാവാട്ട് വരെ താങ്ങൂ. മറ്റിടങ്ങളിൽ 110 കെ.വിയാണ്. 6000 മെഗാവാട്ടിനു മുകളിലെത്തിയതോടെ പലയിടത്തും ട്രാൻസ്ഫോർമറുകൾ തകരാറിലായി.
Source link


