test del 3

8 വർഷമായി സ്ഥിരം പ്രശ്നക്കാരൻ, നാട്ടുകാരുടെ പേടിസ്വപ്നം; ഒടുവിൽ മുട്ടിക്കൊമ്പൻ പിടിയിൽ


ബത്തേരി ∙ വയനാട്ടിലെ വടക്കനാട് – വള്ളുവാടി മേഖലയിൽ ഭീതി പരത്തിവന്ന ‘മുട്ടിക്കൊമ്പൻ’ എന്ന കാട്ടാനയെ വനംവകുപ്പ് ദൗത്യസംഘം മയക്കുവെടി വച്ചു. 13 ദിവസമായി തുടർന്ന ദൗത്യമാണ് വിജയം കണ്ടത്. തുടർനടപടികൾക്കായി സ്ഥലത്തേക്ക് മൂന്ന് കുങ്കിയാനകളെ എത്തിച്ചു. ‘താത്തൂർ ടസ്കർ 1’ എന്ന് വനംവകുപ്പ് രേഖകളിൽ പേരു നൽകിയ കാട്ടാനയെയാണ് പിടികൂടിയത്. വെള്ളിയാഴ്ച പുലർച്ചെ മുതൽ നടത്തിയ ദൗത്യത്തിനിടെ താത്തൂർ സെക്‌ഷനിൽ ഓനച്ചൻ കവലയിൽ വച്ചാണ് ആനയെ മയക്കുവെടി വച്ചത്. കുങ്കിയാനകളുടെ സഹായത്തിൽ മുട്ടിക്കൊമ്പനെ ലോറിയിൽ കയറ്റി മുത്തങ്ങ ആനപ്പന്തിയിൽ എത്തിക്കും. മുട്ടിക്കൊമ്പനെ മയക്കുവെടിവച്ചു പിടികൂടിയാൽ മുത്തങ്ങപ്പന്തിയിൽ പാർപ്പിക്കുന്നതിനുള്ള കൂടു നിർമാണം പൂർത്തിയായിരുന്നു. യൂക്കാലിപ്റ്റസ് മരങ്ങൾ ഉപയോഗിച്ചാണ് ഈ കൂട് നിർമിച്ചത്. ദിവസങ്ങളോളം ഉറക്കം നഷ്ടപ്പെടുത്തിയ ആനയെ മയക്കുവെടിവച്ച വിവരം ആശ്വാസകരമാണെന്ന് പ്രദേശവാസികൾ പറഞ്ഞു.ആനയെ പിടികൂടാൻ ഫോറസ്റ്റ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയ, ബയോളജിസ്റ്റ് വിഷ്ണു തുടങ്ങിയവർ ഉൾപ്പെട്ട എൺപത് അംഗ വനംവകുപ്പ് സംഘത്തോടൊപ്പം മുത്തങ്ങ ആന പന്തിയിലെ വിക്രം, സൂര്യ, പ്രമുഖ, ഉണ്ണികൃഷ്ണൻ, കോന്നി സുരേന്ദ്രൻ എന്നീ കുങ്കിയാനകളെയാണ് പ്രദേശത്ത് നിയോഗിച്ചിരുന്നത്. കുങ്കിയാനകൾ പകൽ പട്രോളിങ് നടത്തുകയും രാത്രികാലങ്ങളിൽ മുട്ടിക്കൊമ്പൻ നാട്ടിലിറങ്ങുന്നത് തടയുകയുമാണ് ചെയ്തുവന്നത്.കാട്ടാനകളുടെ ഇഷ്ടതാവളമാണു നാലുവശവും വനത്താൽ ചുറ്റപ്പെട്ടതും അയ്യായിരത്തോളം കുടുംബങ്ങൾ അധിവസിക്കുന്നതുമായി വടക്കനാട്, കരിപ്പൂര്, വള്ളുവാട്, പണയമ്പം പ്രദേശങ്ങൾ. ഈ പ്രദേശത്തുകാരുടെ പേടിസ്വപ്നമായിരുന്നു മുട്ടിക്കൊമ്പൻ എന്നു നാട്ടുകാർ വിളിക്കുന്ന കാട്ടാന. വെളിച്ചം കണ്ടാൽ ഓടിയടുക്കുന്ന ഇവൻ എട്ടു വർഷത്തോളമായി നാട്ടിലിറങ്ങി വിലസുകയും വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്തുവരികയായിരുന്നു.


Source link

Back to top button