ബംഗാളിൽ ചെന്നാൽ ഈ ഭായിയുടെ ജോലി തണ്ണിമത്തൻ വില്പന, കേരളത്തിലെത്തിയാൽ പണി വേറെ

കൊച്ചി: ജാർഖണ്ഡ് കേന്ദ്രീകരിച്ച് കേരളത്തിലേക്ക് ട്രെയിനുകളിൽ കഞ്ചാവ് കടത്തുന്ന സംഘത്തിലെ റെയിൽവേ കരാർ തൊഴിലാളിയെ പശ്ചിമബംഗാളിൽ നിന്ന് എറണാകുളം റെയിൽവേ പൊലീസ് പിടികൂടി. അറസ്റ്റ് ഭയന്ന് 4 മാസമായി തണ്ണിമത്തൻ വില്പനക്കാരനെന്ന വ്യാജേന ഒളിവിൽ കഴിയവെയാണ് അറസ്റ്റിലായത്. ടാറ്റാ നഗർ എക്സ്പ്രസ് ട്രെയിനിലെ ബെഡ്റോൾ വിതരണ തൊഴിലാളി പശ്ചിമബംഗാൾ മിഡ്നാപ്പൂര്‍ ദുബ്ര സ്വദേശി ദേബു മഹാതയാണ് (27) പിടിയിലായത്. കേസിൽ നാല് പ്രതികൾ നേരത്തെ അറസ്റ്റിലായിരുന്നു. ടാറ്റാ നഗർ ട്രെയിനിൽ എറണാകുളത്തേക്ക് വൻതോതിൽ കഞ്ചാവ് കടത്തുന്ന സംഘത്തിലെ കണ്ണിയാണ് ഇയാൾ.ജാർഖണ്ഡിലെ ടാറ്റാ നഗർ കേന്ദ്രീകരിച്ചാണ് ട്രെയിനിൽ കഞ്ചാവ് കടത്തുന്നതെന്ന് തിരിച്ചറിഞ്ഞ റെയിൽവേ പൊലീസ് ഇൻസ്പെക്ടർമാരായ കെ.ബാലൻ,വി.വി.ദിപിൻ, എസ്.ഐ എ.നിസാറുദ്ദീൻ, എസ്.ഐ ബിജോയ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ തെരച്ചിലിലാണ് ദേബുവിനെ പിടികൂടിയത്. മിഡ്നാപ്പൂരിലെത്തിയ സംഘം മൂന്നു ദിവസത്തോളം ഉൾപ്രദേശങ്ങളിൽ നടത്തിയ തെരച്ചിലിലാണ് പ്രതി പിടിയിലായതെന്ന് റെയിൽവേ ഡി.വൈ.എസ്.പി ജോർജ് ജോസഫ് പറഞ്ഞു. ജെംഷഡ്പൂരിലെ ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കി ട്രാൻസിസ്റ്റ് വിസ വാങ്ങി ഇന്നലെ കൊച്ചിയിൽ എത്തിച്ചു. എറണാകുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സീനിയർ സി.പി.ഒമാരായ ഹരികൃഷ്ണൻ, അർജുൻ, കിഷ്ലാൽ, അഖിൽതോമസ് എന്നിവരും അന്വേഷണ സംഘത്തിൽപ്പെടുന്നു.
Source link


