LATEST

ഡോ. വന്ദനാ ദാസ് വധക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരൻ, ശിക്ഷാവിധി മറ്റന്നാൾ


കൊല്ലം: കോളിളക്കം സൃഷ്ടിച്ച ഡോ. വന്ദനാ ദാസ് വധക്കേസിൽ പ്രതി സന്ദീപിന് കുറ്റക്കാരനെന്ന് കോടതി. ശിക്ഷ മറ്റന്നാൾ പ്രഖ്യാപിക്കും. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് സന്ദീപ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കേസിൽ പൊലീസ് ഉദ്യോഗസ്ഥർ, ഫോറൻസിക് വിദഗ്ദ്ധർ, ചികിത്സിച്ച ഡോക്ടർമാർ തുടങ്ങി എഴുപതിലധികം സാക്ഷികളെയാണ് വിസ്തരിച്ചത്. 22 തൊണ്ടിമുതലുകളും 207 രേഖകളും ഹാജരാക്കുകയും ചെയ്തു. കേസിലെ ഏക പ്രതിയാണ് സന്ദീപ്.സംസ്ഥാനത്ത് ആദ്യമായി ഒരു ഡോക്ടർ ആശുപത്രിയിൽ കൊല്ലപ്പെട്ട സംഭവമാണ് ഡോ. വന്ദനാദാസിന്റെ നിഷ്ഠൂര കൊലപാതകം.നെടുമ്പനയിലെ എയ്ഡഡ് സ്കൂൾ അദ്ധ്യാപകനായിരുന്ന കുടവട്ടൂർ സ്വദേശി സന്ദീപാണ് ഡോ.വന്ദനയെ മദ്യലഹരിയിൽ കതിക്ര ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തിയത്. 2023 മേയ് 10ന് പുലർച്ചെ 4.35ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലായിരുന്നു സംഭവം. നെഞ്ചത്തും തലയിലും ആഴത്തിലുണ്ടായ മുറിവുകളായിരുന്ന മരണ കാരണം. കോട്ടയം കടുത്തുരുത്തി കുറ്റിച്ചിറ നമ്പിച്ചിറകാലയിൽ വീട്ടിൽ കെ.ജി.മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏകമകളാണ്. മീയണ്ണൂർ അസീസിയ മെഡിക്കൽ കോളേജിൽ നിന്ന് എം ബി ബി എസ് പൂർത്തിയാക്കി. ഹൗസ് സർജൻസിക്കാണ് താലൂക്ക് ആശുപത്രിയിൽ എത്തിയത്.സന്ദീപ് മേയ് 10ന് പുലർച്ചെ മൂന്നോടെ കൊല്ലം റൂറൽ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് താൻ അപകടത്തിൽപ്പെട്ടെന്നും രക്ഷിക്കണമെന്നും അഭ്യർത്ഥിച്ചു. പൊലീസ് എത്തിയപ്പോൾ കാലിൽ പരിക്കേറ്റ് അയൽവാസിയുടെ പറമ്പിൽ നിൽക്കുകയായിരുന്നു. അയൽവാസികളെയും കൂട്ടി സന്ദീപിനെ ആശുപത്രിയിൽ എത്തിച്ചു. ഡ്യൂട്ടി ഡോക്ടർ മുറിവ് ഡ്രസ് ചെയ്യാൻ നിർദ്ദേശിച്ചു. ഒ പി ടിക്കറ്റുമായി സന്ദീപിനൊപ്പം ഡ്രസിംഗ് റൂമിലേക്ക് പോയ ഡോ. വന്ദന പിന്നീട് ഒബ്സർവേഷൻ റൂമിലേക്ക് പോയി. ഇതിനിടെ കാഷ്വാലിറ്റിയിൽ വച്ച് അക്രമാസക്തനായ സന്ദീപ് ഒപ്പമെത്തിയവരെ ആക്രമിച്ച ശേഷം ഒബ്സർവേഷൻ റൂമിലേക്ക് പാഞ്ഞെത്തി.


Source link

Related Articles

Back to top button