test del 4 copy of del 3
കടുവയെ പോലും വകവയ്ക്കാതെ രാത്രിയാത്ര, കാടും പാടങ്ങളും താണ്ടി മോഷണം; 150ലധികം മോഷണ കേസുകളിലെ പ്രതി പിടിയിൽ

കൽപറ്റ ∙ സംസ്ഥാനത്തിനകത്തും പുറത്തുമായി ഒട്ടേറെ മോഷണക്കേസുകളിൽ പ്രതിയായ മോഷ്ടാവിനെയും സഹായിയെയും വിദഗ്ധമായി പിടികൂടി വയനാട് പൊലീസ്. 150ലധികം മോഷണ കേസുകളിലെ പ്രതിയായ കണ്ണൂർ ആലക്കോട് കൊല്ലപറമ്പിൽ വീട്ടിൽ കെ.യു.മുഹമ്മദ് (46), 50 കേസുകളിൽ പ്രതിയായ പുൽപള്ളി പാടിച്ചിറ കട്ടിത്താനത്ത് വീട്ടിൽ കെ.ടി.ജോസ് (കമ്പളക്കാട് ജോസ്–72) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി അരുൺ കെ.പവിത്രന്റെ കീഴിലെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. മുഹമ്മദിനെ ആലക്കോട് പൂവഞ്ചാലിൽ വച്ചും ജോസിനെ മാനന്തവാടി ബോയ്‌സ് ടൗണിൽ നിന്നുമാണു പിന്തുടർന്നു പിടികൂടിയത്. ആഡംബര വാഹനത്തിൽ യാത്ര ചെയ്യവേയാണു മുഹമ്മദിനെ പിടികൂടിയത്. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിൽ നിന്നു പണവും സ്വർണവും ആയുധങ്ങളും കണ്ടെടുത്തു. പ്രതികളെ റിമാൻഡ് ചെയ്തു. വരവും പോക്കും അറിയില്ല വരുന്നതും പോകുന്നതും കണ്ടുപിടിക്കാൻ കഴിയാത്ത വിധമുള്ള മോഷണങ്ങളാണ് നടത്തുന്നത്. 10 മീറ്ററിനുള്ളിൽ 2 സിസിടിവി ക്യാമറകൾ ഉണ്ടെങ്കിൽ ഒന്നിൽ പതിയുകയും മറ്റു ക്യാമറയിൽ കാണാതാവുകയും ചെയ്യുന്നവൻ. കണ്ണ് ഒഴികെയുള്ള ശരീരഭാഗങ്ങൾ പൂർണമായും മറച്ചു കൊണ്ടുള്ള മോഷണങ്ങൾ. ഇതായിരുന്നു സംസ്ഥാനന്തര മോഷ്ടാവ് കണ്ണൂർ ആലക്കോട് സ്വദേശി മുഹമ്മദിന്റെ രീതി. എന്നാൽ, ഇയാളെ സസൂക്ഷ്മം പഠിച്ച ജില്ലാ ക്രൈം സ്ക്വാഡ് അംഗങ്ങൾ വല വിരിച്ച് ക്ഷമയോടെ കാത്തിരുന്നു. പിന്മാറാനൊരുക്കമല്ലാതെ പുതിയ പുതിയ തന്ത്രങ്ങൾ മെനഞ്ഞു. 2 വർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ്, വയനാട്ടിലെ വിവിധ മേഖലകൾക്കൊപ്പം തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ വിവിധ മേഖലകളെയും ഭീതിയിലാഴ്ത്തിയ ഇയാൾ വലയിലായത്. ക്രൈം സ്ക്വാഡിന്റെ വിശ്രമമില്ലാത്ത രാപകൽ നീണ്ട ശാസ്ത്രീയമായ അന്വേഷണമാണു പ്രതിയെ കുരുക്കിയത്. ഇടവേളയ്ക്കു ശേഷം കൽപറ്റയിൽ നടന്ന 9 പവന്റെ മോഷണമാണ് അന്വേഷണത്തിൽ നിർണായകമായത്.കാട്ടുമൃഗങ്ങളെ പേടിയില്ലാതെ തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ചേരമ്പാടിയും പാടന്തറയും കെണിയംവയലും ത്രീ ഡിവിഷനും വന്യമൃഗശല്യം അതിരൂക്ഷമായ മേഖലകളാണ്. കടുവയും പുലിയും കാട്ടാനയുമൊക്കെ പതിവായി ഇറങ്ങുന്ന മേഖലകൾ. വന്യമൃഗങ്ങളെ ഭയന്ന് വൈകിട്ട് 6 കഴിഞ്ഞാൽ നാട്ടുകാർ പോലും പുറത്തിറങ്ങില്ല. ഈ മേഖലകളിലാണ് പ്രതി മുഹമ്മദ് രാത്രിയിൽ ചുറ്റിക്കറങ്ങി മോഷണം നടത്തിയിരുന്നത്. ഒരിക്കൽ പോലും ഇയാൾ വന്യമൃഗങ്ങളുടെ മുന്നിൽ അകപ്പെട്ടില്ലെന്നത് നാട്ടുകാർക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. പാടന്തറ കെണിയംവയലിൽ മോഷണം നടന്ന സമയങ്ങളിലൊക്കെ പ്രദേശത്ത് കാട്ടാനകളുടെ സാന്നിധ്യമുണ്ടായിരുന്നു. ഇതിനു തെളിവായി, പ്രദേശത്തെ ഒരു വീട്ടിലെ സിസിടിവിയിൽ റോഡിലൂടെ കാട്ടാനകൾ കടന്നുപോകുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുമുണ്ട്. മോഷണങ്ങളും മോഷണ ശ്രമങ്ങളും പതിവായതോടെ മാസങ്ങളോളം ഇവിടങ്ങളിലെ നാട്ടുകാരുടെ ഉറക്കം നഷ്ടമായിരുന്നു. പലരും വീടുകളിൽ മുഴുവൻ ലൈറ്റുകൾ പ്രവർത്തിപ്പിച്ചും കൂട്ടമായി കാവലിരുന്നുമൊക്കെയായിരുന്നു നേരംവെളുപ്പിച്ചിരുന്നത്. ഒതുതവണ കെണിയംവയലിനു സമീപം ത്രീഡിവിഷനിൽ മോഷണ ശ്രമത്തിനിടെ ഇയാളെ നാട്ടുകാരിൽ ചിലർ കണ്ടിരുന്നു. തുടർന്ന് നാട്ടുകാർ പലസംഘങ്ങളായി തിരിഞ്ഞ് അന്നു പുലരുംവരെ തിരച്ചിൽ നടത്തിയെങ്കിലും പിടികൂടാനായില്ല.
Source link


