LATEST

പാകിസ്ഥാനികള്‍ ഏറ്റവും ‘വെറുക്കുന്നത്’ രണ്ട് താരങ്ങളെ; ഇന്ത്യയോട് തോറ്റത് മാത്രമല്ല കാരണം

ലാഹോര്‍: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ ബന്ധം ഏറ്റവും മോശമായി തുടരുന്നത് ക്രിക്കറ്റിനേയും ബാധിച്ചിട്ടുണ്ട്. ഐസിസി, എസിസി (ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍) ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇപ്പോള്‍ ഇരു ടീമുകളും ക്രിക്കറ്റില്‍ പരസ്പരം ഏറ്റുമുട്ടുന്നത്. കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണവും അതിന് ഇന്ത്യ നല്‍കിയ ഓപ്പറേഷന്‍ സിന്ദൂറിലൂടെയുള്ള മറുപടിയും ക്രിക്കറ്റ് ബന്ധങ്ങളേയും നല്ലപോലെ ബാധിച്ചിട്ടുണ്ട്. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഏറ്റുമുട്ടിയ നാല് മത്സരങ്ങളിലും ഇന്ത്യക്കായിരുന്നു വിജയം.

ക്രിക്കറ്റില്‍ ടോസ് സമയത്ത് രണ്ട് ടീമിലേയും നായകന്‍മാരും മത്സരത്തിന് ശേഷം ഇരു സംഘങ്ങളിലേയും താരങ്ങളും പരസ്പരം ഹസ്തദാനം നടത്താറുണ്ട്. എന്നാല്‍ ഇന്ത്യ – പാക് മത്സരങ്ങളില്‍ ഈ പതിവും തെറ്റിയ സ്ഥിതിയാണ്. പരസ്പരം ഒരു സൗഹൃദമനോഭാവവും താരങ്ങള്‍ കളിക്കളത്തില്‍ പ്രകടിപ്പിക്കാറില്ല. പുരുഷ ക്രിക്കറ്റിലും വനിതാ ക്രിക്കറ്റിലും ഇത് തന്നെയാണ് സ്ഥിതി. ഈ രീതിക്കെതിരെ വിമര്‍ശനം ഉയര്‍ത്തുന്നവരും അതുപോലെ തന്നെ പിന്തുണയ്ക്കുന്നവരുമുണ്ട്.

എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമുമായി കമന്റേറ്റര്‍മാരായ മുന്‍ താരങ്ങള്‍ അഭിമുഖം നടത്തുന്നതും കമന്ററി ബോക്‌സില്‍ ഇരു രാജ്യത്തേയും മുന്‍ താരങ്ങള്‍ സൗഹൃദം പങ്കുവയ്ക്കുന്നതും കാണാം. എന്തായാലും തുടര്‍തോല്‍വികളിലും മോശം പ്രകടനങ്ങളിലും വലയുകയാണ് ഇന്ത്യക്കെതിരെ പാകിസ്ഥാന്‍. ഇപ്പോഴത്തെ ടീമിലെ നിരവധി താരങ്ങളെ പാക് ആരാധകര്‍ തന്നെ കൈവിട്ട അവസ്ഥയാണ്. അക്കൂട്ടത്തില്‍ അവര്‍ ഏറ്റവും അധിക വിമര്‍ശനം ഉന്നയിക്കുന്നത് മുന്‍ നായകന്‍ ബാബര്‍ അസമിനെതിരെയാണ്.

താരത്തിന്റെ കളത്തിലെ മനോഭാവം തന്നെ ശരിയല്ലെന്നും ഒരു ഫോര്‍മാറ്റിലും ടീമില്‍ ഉള്‍പ്പെടുത്തരുത് എന്നുമാണ് ആരാധകരുടെ ആവശ്യം. ഒരിക്കലും ടീമിന് വേണ്ടി സാഹചര്യം മനസ്സിലാക്കി കളിക്കാന്‍ ബാബറിന് കഴിഞ്ഞിട്ടില്ലെന്നും കുഞ്ഞന്‍ ടീമുകള്‍ക്കെതിരെ മാത്രം റണ്‍സ് കണ്ടെത്തുന്നതില്‍ എന്ത് കാര്യം എന്നുമാണ് ആരാധകരുടെ ചോദ്യം. മറ്റ് പല താരങ്ങള്‍ക്കെതിരെയും വിമര്‍ശനം ഉയരുന്നുവെങ്കിലും സമൂഹമാദ്ധ്യമങ്ങളില്‍ ഉള്‍പ്പെടെ ബാബറിനെ പുറത്താക്കണമെന്ന ആവശ്യം ശക്തമാണ്.

ഇതിഹാസ താരം വസീം അക്രമാണ് ആരാധകരുടെ രോഷത്തിന് ഇരയാകുന്ന മറ്റൊരു താരം. മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയെ ലോകകപ്പ് വേദിയില്‍ വച്ച് കണ്ടപ്പോള്‍ കെട്ടിപ്പിടിച്ചതും സംസാരിച്ചതും കുശലാന്വേഷണം നടത്തിയതുമാണ് ആരാധകരെ ചൊടിപ്പിച്ചത്. തങ്ങളുടെ താരങ്ങളേയും നായകനേയും അപമാനിക്കുന്ന ഇന്ത്യക്കാരനായ മുന്‍ താരത്തോട് സ്‌നേഹം പങ്കുവയ്ക്കുന്നത് എന്തിനാണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.


Source link

Related Articles

Back to top button