LATEST

കേരള സ്റ്റോറി 2വിന് ബുക്കിംഗ് തുടങ്ങി; നീക്കം റിലീസ് തടഞ്ഞതിൽ വിധി വരുന്നതിന് മുൻപ്

തിരുവനന്തപുരം: വിവാദചിത്രമായ ‘കേരള സ്റ്റോറി 2: ഗോസ് ബിയോണ്ടിന്റെ” ബുക്കിംഗ് ആരംഭിച്ചു. പശ്ചിമബംഗാളിലെ തിയേറ്ററുകളിലാണ് ഓൺലൈൻ പ്ളാറ്റ്‌ഫോമായ ‘ബുക്ക് മൈ ഷോ’ വഴി ബുക്കിംഗ് തുടങ്ങിയിരിക്കുന്നത്. ഉച്ചയ്ക്കുശേഷമുള്ള ഷോകളുടെ ബുക്കിംഗാണ് ആരംഭിച്ചത്. ഉള്ളടക്കത്തെച്ചൊല്ലിയും പേരിനെച്ചൊല്ലിയും വിവാദത്തിലായ സിനിമയുടെ റിലീസ് കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് തടഞ്ഞിരുന്നു.

ഇതിനെതിരെ നിർമ്മാതാക്കൾ നൽകിയ അപ്പീൽ പരിഗണിച്ച ഡിവിഷൻ ബെഞ്ച്, രാത്രി വൈകിയും വാദം കേട്ടശേഷം വിധി പറയാനായി മാറ്റി. ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചേക്കും. ഇതിനിടെയാണ് കോടതി വിധിയെ അനാദരിക്കുന്ന തരത്തിൽ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നതെന്ന വിമർശനം ഉയരുന്നുണ്ട്. ഇതിൽ കോടതിയെ പ്രതിഷേധം അറിയിക്കാനുള്ള നീക്കത്തിലാണ് ഹർജിക്കാർ. കോടതിയലക്ഷ്യമാണിതെന്ന് അഭിഭാഷകരും ചൂണ്ടിക്കാട്ടുന്നു.

ഇന്നുരാവിലെ ഒൻപത് മണിക്കാണ് സിനിമയുടെ റിലീസ് നേരത്തെ നിശ്ചയിച്ചിരുന്നത്. കോടതി തടഞ്ഞതോടെ റിലീസ് മാറ്റി. രാവിലെതന്നെ കോടതി ഹർജി വീണ്ടും പരിഗണിക്കുമെന്നാണ് വിവരം. തങ്ങൾക്ക് അനുകൂലമായ വിധി പ്രതീക്ഷിച്ചുകൊണ്ടാണ് അണിയറപ്രവർത്തകർ സിനിമയുടെ ബുക്കിംഗിനായുള്ള നടപടികൾ സ്വീകരിച്ചതെന്നാണ് നിഗമനം.

ഇന്നലെ ഉച്ചയോടെയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പ്രദർശനം വിലക്കിയത്. പിന്നാലെ, ജസ്റ്റിസ് സുശ്രുത് എ.ധർമ്മാധികാരി, ജസ്റ്റിസ് പി.വി.ബാലകൃഷ്ണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് രാത്രി രണ്ട് മണിക്കൂറോളം അപ്പീൽ കേട്ടു. വിവിധ സംസ്ഥാനക്കാരായ യുവതികളെ നിർബന്ധിത മതപരിവർത്തനത്തിനും തീവ്രവാദ പ്രവർത്തനങ്ങൾക്കും ഇരയാക്കുന്നതാണ് കേരള സ്റ്റോറി 2ന്റെ പ്രമേയം. പ്രദർശനാനുമതി നൽകിയത് ചോദ്യം ചെയ്ത് കണ്ണൂർ സ്വദേശി ശ്രീദേവ് നമ്പൂതിരി, അതുൽ റോയി എന്നിവർ നൽകിയ ഹർജിയിലായിരുന്നു സിംഗിൾ ബെഞ്ച് സ്റ്റേ പുറപ്പെടുവിച്ചത്.


Source link

Related Articles

Back to top button