LATEST

‘ലക്ഷങ്ങള്‍ വിശ്വസിക്കുന്ന ആചാരം, തെറ്റെന്ന് പറയുക ബുദ്ധിമുട്ടുള്ള കാര്യം’; ശബരിമല കേസില്‍ ചീഫ് ജസ്റ്റിസ്


ന്യൂഡല്‍ഹി: ശബരിമലയിലെ യുവതിപ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രധാന നിരീക്ഷണം നടത്തി സുപ്രീം കോടതി. ലക്ഷക്കണക്കിന് ഭക്തര്‍ വിശ്വസിക്കുന്ന ആചാരം തെറ്റെന്ന് പറയുക ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം. യുവതികളെ പ്രവേശിപ്പിക്കുന്നത് വിലക്കുന്നവരുടെ വാദം കേള്‍ക്കാതെ വിലക്ക് റദ്ദാക്കാന്‍ കഴിയുമോയെന്ന് ജസ്റ്റിസ് എംഎം സുന്ദരേഷ് ചോദിച്ചു.
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത് വിശ്വാസികള്‍ അല്ലെന്ന് പറഞ്ഞ ജസ്റ്റിസ് ബിവി നാഗരത്‌ന, ആ ഹര്‍ജി പരിഗണിക്കരുതായിരുന്നുവെന്നും അഭിപ്രായപ്പെട്ടു. യുവതി പ്രവേശന വിലക്കിനെ പിന്തുണച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വിയാണ് ഹാജരായത്.
നൂറ് വര്‍ഷമായി നിലനില്‍ക്കുന്ന ശബരിമലയിലെ ആചാരവും 150 വര്‍ഷത്തിലധികമായി നിലനില്‍ക്കുന്ന ഗുരുവായൂരിലെ ആചാരവും പൊതുതാല്‍പ്പര്യ ഹര്‍ജിയിലൂടെ എങ്ങനെ ചോദ്യം ചെയ്യാന്‍ കഴിയുമെന്നും അഭിഷേക് മനു സിംഗ്വി ആരാഞ്ഞു. രാജ്യത്ത് ആയിരത്തിലധികം അയ്യപ്പ ക്ഷേത്രങ്ങള്‍ ഉണ്ട്. എന്നാല്‍ ശബരിമലയില്‍ മാത്രമാണ് യുവതി പ്രവേശന വിലക്ക് ഉള്ളത്. ശബരിമലയിലെ അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണ്. മതാചാരങ്ങളില്‍ ജുഡീഷ്യല്‍ പരിശോധന പാടില്ലെന്നും അഭിഷേക് മനു സിംഗ്വി വാദിച്ചു.
ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നവരെ തീരുമാനിക്കേണ്ടത് അതത് മത വിഭാഗത്തില്‍പെട്ടവരാണെന്ന എന്‍എസ്എസ് വാദത്തെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ എതിര്‍ത്തു. പൊതു ക്ഷേത്രങ്ങളില്‍ വര്‍ഗം, ജാതി എന്നിവയുടെ അടിസ്ഥാനത്തില്‍ വിലക്ക് പാടില്ലെന്ന് അഭിഷേക് മനു സിംഗ്വി വാദിച്ചു. അതെസമയം ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നവര്‍ അവിടുത്തെ ആചാരങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും ബോര്‍ഡ് ചൂണ്ടിക്കാട്ടി.


Source link

Back to top button