ചെന്നൈയോ അതോ തിരുവനന്തപുരമോ ! സഞ്ജുവിനായി ആര്‍ത്ത് വിളിച്ച് ചെപ്പോക്ക്, സിക്സടിച്ച് ‘ചേട്ടന്റെ’ വണക്കം

ചെന്നൈ: ജനുവരി 31ന് തിരുവനന്തപുരത്തെ ഹോം ഗ്രൗണ്ടില്‍ സഞ്ജു സാംസണ് കളിക്കുമെന്ന് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഇളകി മറിയുകയായിരുന്നു. അതുപോലെ തന്നെയാണ് ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിലും സംഭവിച്ചത്. റിങ്കു സിംഗിന് പകരം സഞ്ജു സാംസണ് ടീമിലുള്പ്പെട്ടിരിക്കുന്നുവെന്ന് ടോസ് സമയത്ത് നായകന് പറഞ്ഞപ്പോള്‍ കാണികള്‍ ആര്‍പ്പുവിളിക്കുകയായിരുന്നു.
ഐപിഎല്ലില്‍ രാജസ്ഥാനില്‍ നിന്ന് ചെന്നൈയിലേക്ക് കൂടുമാറിയ ശേഷം ആദ്യമായിട്ടാണ് താരം ചെപ്പോക്ക് സ്റ്റേഡിയത്തില്‍ കളിക്കാനെത്തിയത്. 15 പന്തുകളില്‍ നിന്ന് 24 റണ്‍സ് നേടി പുറത്തായെങ്കിലും മികച്ച തുടക്കമാണ് മലയാളി താരം ഇന്ത്യക്ക് സമ്മാനിച്ചത്. രണ്ട് സിക്സറുകളും ഒരു ബൗണ്ടറിയും നേടിയാണ് താരം പുറത്തായത്. മുസറബാനിയുടെ ഷോട്ട് പിച്ച് ബോള്‍ ഡീപ് മിഡ് വിക്കറ്റിന് മുകളിലൂടെ സിക്സര്‍ പായിക്കാനുള്ള ശ്രമം റയാന് ബേളിന്റെ കൈകളില്‍ ഒതുങ്ങുകയായിരുന്നു.
ആദ്യ ഓവറില്‍ റിച്ചാര്‍ഡ് ഗരാവയെ സിക്സറിന് പറത്തിയാണ് സഞ്ജു ചെന്നൈയില്‍ തന്റെ അക്കൗണ്ട് തുറന്നത്. എന്നാല്‍ അനാവശ്യമായി ബാക്ഫുട്ടിലേക്ക് പോകുന്ന പ്രവണതയാണ് സിംബാബ്വെയ്ക്ക് എതിരെയും സഞ്ജുവിന് വിനയായത്. അതേസമയം, അഭിഷേക് ശര്‍മ്മയ്ക്ക് ഒപ്പം മികച്ച തുടക്കം സമ്മാനിക്കാന്‍ താരത്തിന് കഴിഞ്ഞത് ഇന്ത്യക്ക് വലിയ ആശ്വാസമാണ് സമ്മാനിച്ചത്.
Source link


