LATEST

ബിക്കിനി ധരിച്ച യുവതികൾക്കൊപ്പം സ്റ്റീഫൻ ഹോക്കിംഗും,​ ആരോപണങ്ങൾ നിഷേധിച്ച് കുടുംബം 

വാഷിംഗ്ടൺ: അന്തരിച്ച വിഖ്യാത ഭൗതികശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിംഗും ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ പുറത്ത്. എപ്സ്റ്റീൻ ഫയലുകളുടെ ഭാഗമായി പുറത്തുവിട്ട വിവരങ്ങളിൽ, ബിക്കിനി ധരിച്ച രണ്ട് യുവതികൾക്കൊപ്പം ഹോക്കിംഗ് ഇരിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. എന്നാൽ ഹോക്കിംഗിനെതിരെയുള്ള മോശം ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നാണ് അദ്ദേഹത്തിന്റെ കുടുംബം പ്രതികരിച്ചത്.


2006-ൽ കരീബിയൻ ദ്വീപായ സെന്റ് തോമസിൽ നടന്ന ശാസ്ത്ര സെമിനാറിനിടെ എടുത്ത ചിത്രങ്ങളാണ് പുറത്തുവന്നതെന്നാണ് കരുതപ്പെടുന്നത്. എപ്സ്റ്റീന്റെ ഉടമസ്ഥതയിലുള്ള ലിറ്റിൽ സെന്റ് ജെയിംസ് ദ്വീപ് സന്ദർശിച്ച 21 ശാസ്ത്രജ്ഞരിൽ ഒരാളായിരുന്നു ഹോക്കിംഗ്. എന്നാൽ ചിത്രത്തിലുള്ള യുവതികൾ ഹോക്കിംഗിന്റെ ദീർഘകാലമായുള്ള പരിചാരികമാരാണെന്നും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായതിനാൽ 24 മണിക്കൂറും ഇവരുടെ സഹായം ആവശ്യമായിരുന്നുവെന്നും കുടുംബം പറയുന്നു. ഹോക്കിംഗിനെതിരെ ഉയരുന്ന എല്ലാ മോശം പരാമർശങ്ങളും അങ്ങേയറ്റം തെറ്റാണെന്നും യുവതികൾക്കൊപ്പമുള്ള ചിത്രങ്ങൾ പുറത്തുവന്നതോടെ കുടുംബം പ്രതികരിച്ചു.


യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട രേഖകളിൽ 250ഓളം തവണ സ്റ്റീഫൻ ഹോക്കിംഗിന്റെ പേര് പരാമർശിക്കുന്നുണ്ട്. എപ്സ്റ്റീന്റെ ഇരകളിലൊരാളായ വിർജീനിയ ഗിഫ്രെ, ഹോക്കിംഗിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കാൻ സഹായിക്കുന്നവർക്ക് എപ്സ്റ്റീൻ പാരിതോഷികം വാഗ്ദാനം ചെയ്തിരുന്നതായും രേഖകൾ കാണിക്കുന്നു.

ബ്ലാക്ക് ഹോൾ, ജനറൽ റിലറ്റിവിറ്റി തുടങ്ങിയ മേഖലകളിൽ വിപ്ലവകരമായ സംഭാവനകൾ നൽകിയ ശാസ്ത്രജ്ഞനാണ് ഹോക്കിംഗ്. വർഷങ്ങളോളം മോട്ടോർ ന്യൂറോൺ രോഗത്തോടും ശാരീരിക വെല്ലുവിളികളോടും പൊരുതിയാണ് അദ്ദേഹം ജീവിച്ചത്. 2006 മാർച്ചിൽ എപ്സ്റ്റീൻ ധനസഹായം നൽകി ആതിഥേയത്വം വഹിച്ച കോൺഫറൻസിൽ ഹോക്കിംഗ് പങ്കെടുത്തിരുന്നു. എപ്സ്റ്റീന്റെ സ്വകാര്യ ദ്വീപിൽ അദ്ദേഹം വിരുന്നിൽ പങ്കെടുക്കുന്നതിന്റെയും പ്രത്യേക അന്തർവാഹിനിയിൽ സമുദ്രത്തിനടിയിൽ യാത്ര ചെയ്യുന്നതിന്റെയും ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. 2018ലാണ് ഹോക്കിംഗ് അന്തരിച്ചത്.


Source link

Related Articles

Back to top button