LATEST

കേരള സ്റ്റോറി -2: ഇന്നും വാദം തുടരും

കോടതി സിനിമ കാണുന്നതിനെ എതിർത്ത് നിർമ്മാതാക്കൾ

കൊച്ചി: വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള യുവതികൾ നിർബന്ധിത മതപരിവർത്തനത്തിനും തീവ്രവാദ പ്രവർത്തനത്തിനും ഉപയോഗിക്കപ്പെടുന്നതിന്റെ കഥ പറയുന്ന സിനിമയ്ക്ക് ‘കേരള സ്റ്റോറി – 2 ഗോസ് ബിയോൺഡ്” എന്ന് പേരിട്ടതിനെ ചോദ്യം ചെയ്യുന്ന ഹർജിയിൽ ഇന്ന് വാദം തുടരും. കേസിൽ നിർമ്മാതാക്കൾ അടക്കമുള്ളവരുടെ വാദം പൂർത്തിയാകാനുണ്ട്.
ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. സിനിമ വെള്ളിയാഴ്ച റിലീസ് ചെയ്യാനിരിക്കുകയാണ്.

കേരളത്തെ മോശമായി ചിത്രീകരിക്കുന്നതാണ് സിനിമ എന്ന ഹർജിക്കാരുടെ വാദം കണക്കിലെടുത്ത് സിനിമ കാണാൻ കോടതി താത്പര്യം പ്രകടിപ്പിച്ചെങ്കിലും സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയ സിനിമയുടെ കാര്യത്തിൽ കോടതിയുടെ പരിശോധന ആവശ്യമില്ലെന്ന നിലപാടിലാണ് നിർമ്മാതാവ് വിപുൽ അമൃതലാൽ.
ടീസറിലുള്ളതൊന്നും സിനിമയിൽ ഇല്ലെന്ന് നിർമ്മാതാവിനായി ഹാജരായ സീനിയർ അഭിഭാഷകൻ എസ്. ശ്രീകുമാർ വാദിച്ചു.

യഥാർത്ഥ സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് സിനിമയെന്ന് നിർമ്മാതാക്കൾ തന്നെ പറയുന്നുണ്ടെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. ടീസറും ട്രെയിലറും തെറ്റിദ്ധരിപ്പിക്കുന്നതാണ്. തിയേറ്ററിൽ കാണിക്കാനാകാത്തതാണ് ടീസറായും ട്രെയിലറായും പുറത്തുവിടുന്നതെന്നും ഹർജിക്കാരനായി ഹാജരായ അഡ്വ.മൈത്രേയി സച്ചിദാനന്ദ ഹെഗ്‌ഡെ വാദിച്ചു. മലയാളിയുടെ സൽപ്പേരിനെ ബാധിക്കുന്നതാണ് സിനിമ. കേരളത്തിൽ താമസിക്കുന്ന വ്യക്തിയെന്ന നിലയിൽ സിനിമയെ കോടതിയിൽ ചോദ്യം ചെയ്യാനാകുമെന്നും ഹർജിക്കാർ വിശദീകരിച്ചു.
‘കേരള ക്രൈം ഫയൽ” എന്നൊക്കെ സിനിമകൾക്ക് പേരുണ്ടല്ലോ എന്ന് കോടതി പറഞ്ഞു. ബീഫ് ബിരിയാണി പോലുള്ള ചില പരാമർശങ്ങൾ ‘ഹാൽ” സിനിമയിൽ നിന്ന് മുൻപ് ഒഴിവാക്കിയതും കോടതി ചൂണ്ടിക്കാട്ടി.
കണ്ണൂർ സ്വദേശി ശ്രീദേവ് നമ്പൂതിരി, അതുൽ റോയി എന്നിവർ ഫയൽ ചെയ്ത ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.


Source link

Related Articles

Back to top button