NATIIONAL
783 ദിവസത്തിനു ശേഷം ബാബറിന് സെഞ്ചറി, വിരാട് കോലിയെ മറികടന്നു; ഇന്നിങ്സിൽ അപൂർവമായ മറ്റൊരു റെക്കോർഡും

കറാച്ചി ∙ രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം ട്വന്റി20യിൽ സെഞ്ചറി തികച്ച് പാക്കിസ്ഥാൻ സൂപ്പർ താരം ബാബർ അസം. പാക്കിസ്ഥാൻ സൂപ്പർ ലീഗീൽ (പിഎസ്എൽ) പെഷവാർ സൽമി താരമായ ബാബർ, ഞായറാഴ്ച ക്വറ്റ ഗ്ലാഡിയേറ്റേഴ്സിനെതിരായ മത്സരത്തിലാണ് സെഞ്ചറി നേടിയത്. 52 പന്തിൽ 100 റൺസ് നേടിയ ബാബറിന്റെ ബാറ്റിങ് കരുത്തിൽ ആദ്യം ബാറ്റു ചെയ്ത പെഷവാർ, 20 ഓവറിൽ 255/3 എന്ന കൂറ്റൻ ടോട്ടൽ ഉയർത്തിയപ്പോൾ മറുപടി ബാറ്റിങ്ങിൽ 18.1 ഓവറിൽ 137 റൺസിന് ക്വറ്റ പുറത്തായി. പെഷവാറിന് 118 റൺസിന്റെ വമ്പൻ ജയം.ട്വന്റി20യിൽ 12–ാം സെഞ്ചറിയാണ് ബാബർ നേടിയത്. ഏറ്റവും കൂടുതൽ ട്വന്റി20 സെഞ്ചറിയുള്ള ബാറ്റർമാരുടെ പട്ടികയിൽ ബാബർ രണ്ടാം സ്ഥാനത്താണ്. 22 സെഞ്ചറികളുമായി ക്രിസ് ഗെയ്‌ലാണ് ഒന്നാമത്. ഡേവിഡ് വാർണർ (10), വിരാട് കോലി (10) എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളിൽ. ഇന്നലത്തെ ഇന്നിങ്സിനിടെ മറ്റൊരു അപൂർവ്വ റെക്കോർഡും ബാബർ കുറിച്ചു. വെറും 52 പന്തിൽ ആറ് ഫോറുകളും നാല് കൂറ്റൻ സിക്സറുകളും സഹിതം 100 റൺസുമായി താരം പുറത്താകാതെ നിന്നു. ഇത്രയും പന്തുകൾ നേരിട്ടിട്ടും വെറും ഒരു ഡോട്ട് ബോൾ മാത്രമാണ് അദ്ദേഹം കളിച്ചത്. ട്വന്റി20 ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് ഒരു ബാറ്റർ അമ്പതിലധികം പന്തുകൾ നേരിടുകയും ഒരൊറ്റ ഡോട്ട് ബോൾ മാത്രം കളിക്കുകയും ചെയ്യുന്നത്.
Source link


