NEWS

സെഡ് പ്ലസ് സുരക്ഷയുള്ള മുഖ്യമന്ത്രിയെ തനിച്ചാക്കി; ആ ‘രക്ഷാപ്രവർത്തനം’ യെലോ ബുക്ക് റൂൾ മറികടന്ന്


തിരുവനന്തപുരം∙ മുന്‍മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്മാര്‍ 2023 ഡിസംബര്‍ 5ന് ആലപ്പുഴയില്‍ വച്ച് കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജുവല്‍ കുര്യാക്കോസ് എന്നിവരെ മര്‍ദിച്ച കേസില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്നത് ഗണ്‍മാന്മാരുടെ ഡ്യൂട്ടി സംബന്ധിച്ച കാര്യങ്ങള്‍. സെഡ് പ്ലസ് കാറ്റഗറി വിഐപിയുടെ സുരക്ഷാ ഡ്യൂട്ടി ചെയ്യുമ്പോള്‍ വാഹനത്തില്‍നിന്ന് ഇറങ്ങരുതെന്നു നിര്‍ദേശമില്ലേ എന്നു കോടതി തന്നെ ചോദിച്ചിരുന്നു. മുഴുവന്‍ സമയവും വിഐപിയുടെ ഏറ്റവും അടുത്തുണ്ടാകണം എന്നതാണു സുരക്ഷാസംഘത്തിനുള്ള നിര്‍ദേശം. വിഐപിയുടെ വാഹനത്തിന്റെ മുന്നിലും പിന്നിലുമായാണ് ഇവര്‍ സഞ്ചരിക്കേണ്ടത്. വിഐപിയുടെ വാഹനം നിര്‍ത്തിയാല്‍ മാത്രമേ ഇവരുടെ വാഹനം നിര്‍ത്താന്‍ അനുവാദമുള്ളൂ.വിഐപികളുടെ സുരക്ഷ സംബന്ധിച്ചു കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ‘യെലോ ബുക്കി’ലെ നിര്‍ദേശങ്ങളും പൊലീസ് ആസ്ഥാനത്തുനിന്ന് ഇതു സംബന്ധിച്ച് നല്‍കിയിരിക്കുന്ന സര്‍ക്കുലറും അനുസരിച്ചാണ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കേണ്ടത്. വിഐപിക്ക് ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തില്‍നിന്നു സംരക്ഷണം ഒരുക്കുകയും അവരെ എത്രയും പെട്ടെന്നു സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്യുക എന്നതാണ് പ്രധാന ഉത്തരവാദിത്തമായി നിര്‍ദേശിച്ചിരിക്കുന്നത്. അത്രയും ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഒഴികെ എസ്‌കോര്‍ട്ട് ഉദ്യോഗസ്ഥര്‍ വാഹനം നിര്‍ത്തി ഇറങ്ങാന്‍ പാടില്ല. വിഐപിയെ സുരക്ഷിതമായി മാറ്റാന്‍ വേണ്ടി മാത്രമേ ശത്രുക്കളുമായി നേരിട്ട് ഏറ്റുമുട്ടാന്‍ പാടുള്ളുവെന്നും നിര്‍ദേശത്തില്‍ പറയുന്നു. അതിനു ശേഷം അവിടത്തെ ക്രമസമാധാനം നിയന്ത്രിക്കേണ്ടത് ലോക്കല്‍ പൊലീസാണ്. വിഐപിയുടെ സുരക്ഷയും സ്വകാര്യതയും ലംഘിക്കപ്പെടുന്ന ഒരു കാര്യവും പഴ്‌സണല്‍ സെക്യൂരിറ്റി ഗാര്‍ഡുകള്‍ ചെയ്യാന്‍ പാടില്ല. 


Source link

Back to top button