NEWS

കോരിച്ചൊരിഞ്ഞ മഴ പൊയ്തൊഴിഞ്ഞത് നാടിനെ തീരാക്കണ്ണീരിലാഴ്ത്തി; ഇരച്ചെത്തി മണ്ണ്, പിന്നെ നിശ്ചലം…


അഡൂർ ∙ റോഡരികിൽ താൽക്കാലിക കട സ്ഥാപിച്ച് മിഠായിക്കച്ചവടം നടത്തുകയായിരുന്ന കുട്ടികളുടെ മുകളിലേക്കാണ് ഭിത്തി തകർന്ന് കല്ലും മണ്ണും വീണത്. മരിച്ച മുസമ്മിലും കുഞ്ഞനുജൻ മുൻസിറും പൂർണമായും മണ്ണിനടിയിലായി. ശബ്ദം കേട്ട് ഉടൻ പുറത്തിറങ്ങിയതുകൊണ്ടു മാത്രമാണ് മുഹമ്മദ് വഹ്ഷ് അത്ഭുതകരമായി രക്ഷപ്പെട്ടത്. അഡൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളായ മുസമ്മിലും മുൻസിറും കൂട്ടുകാരനായ മുഹമ്മദ് വഹ്ഷും ചേർന്ന് ദിവസങ്ങൾക്കു മുൻപാണ് മിഠായിക്കച്ചവടം തുടങ്ങിയത്. വീടിനു സമീപം റോഡരികിൽ ബസ് കാത്തിരിപ്പു കേന്ദ്രത്തോടു ചേർന്ന് ഷെഡ് നിർമിച്ച് അതിലായിരുന്നു കച്ചവടം.സ്കൂൾ അവധിയായിരുന്നതിനാൽ ഇന്നലെ രാവിലെ മുതൽ കട തുറന്നിരുന്നു. ശനിയാഴ്ച സ്കൂൾ അവധി ആയിരുന്നെങ്കിലും റെ‍‍ഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ ഇന്നലെ ജില്ലയിലെ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരുന്നു. രാവിലെ ഇവർക്കൊപ്പം വേറെയും കുട്ടികൾ ഇവിടെയുണ്ടായിരുന്നു. എന്നാൽ ഉച്ചയ്ക്കു ശേഷം മഴ തുടങ്ങിയപ്പോൾ ബാക്കി കുട്ടികൾ വീട്ടിലേക്കു പോയതിനാൽ കൂടുതൽ ദുരന്തം ഒഴിവായി.ചെരിഞ്ഞ സ്ഥലം ആയതിനാൽ റോഡിൽ നിന്നു 3 മീറ്ററിലേറെ ഉയരത്തിൽ വീടിന്റെ ഒരുവശത്ത് ഭിത്തി നിർമിച്ചിരുന്നു. 40 മീറ്ററോളം നീളത്തിലുള്ളതായിരുന്നു ഭിത്തി. അഡൂർ–പാണ്ടി റോഡരികിലാണ് അപകടസ്ഥലം. വീടിന്റെ ഗൃഹപ്രവേശനം നടന്നത് 2 മാസം മുൻപാണെങ്കിലും ഈ ഭിത്തി 3 വർഷം മുൻപേ നിർമിച്ചിരുന്നു. എന്നാൽ ഗൃഹപ്രവേശന സമയത്ത് ഇവിടെ കൂടുതൽ മണ്ണിട്ടതായി നാട്ടുകാർ പറയുന്നു. ഈ ഭിത്തിയുടെ 15 മീറ്ററോളം ഭാഗമാണ് ഇന്നലെ മഴയിൽ നിലംപൊത്തിയത്.


Source link

Back to top button