ആപ്പിൾ തോട്ടങ്ങളും മഞ്ഞു മലനിരകളും; കൺകുളിർക്കുന്ന കാഴ്ചകളുമായി ഹിമാചലിലെ കൽപ ഗ്രാമം

യാത്രകളെ ഇഷ്ടപ്പെടാത്തവർ ചുരുക്കമായിരിക്കും. വ്യത്യസ്തതയാർന്നതും മനം നിറയ്ക്കുന്നതുമായ യാത്രകളോടാകും എല്ലാവർക്കും പ്രിയം. ഇത്തരക്കാർക്ക് അനുയോജ്യമായ സ്ഥലമാണ് ഹിമാചൽ പ്രദേശിലെ കിന്നൗർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന മലയോര ഗ്രാമമായ കല്പ. ഹിമാലയൻ മലനിരകളുടെ പശ്ചാത്തലത്തിൽ ആപ്പിൾ തോട്ടങ്ങളാലും പരമ്പരാഗത മരവീടുകളാലും ചുറ്റപ്പെട്ട ഈ ഗ്രാമം സഞ്ചാരികൾക്ക് തികച്ചും ശാന്തവും പുത്തൻ ഉണർവ്വ് നൽകുന്നതുമായ അനുഭവം സമ്മാനിക്കും.തിരക്കുകളിൽ നിന്ന് ഒഴിഞ്ഞുമാറി പ്രകൃതിഭംഗി ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഏറ്റവും മികച്ച ഇടമാണിത്.
വർഷം മുഴുവൻ മഞ്ഞുരുകാത്ത കിന്നൗർ കൈലാഷ് മലനിരകളുടെ അതിമനോഹരമായ കാഴ്ചയാണ് ഇവിടെത്തെ പ്രധാന ആകർഷണം. മലനിരകൾക്ക് മുകളിൽ സൂര്യന്റെ ആദ്യ കിരണങ്ങൾ പതിക്കുന്ന കാഴ്ച വർണനകൾക്ക് അതീതമാണ്. ഏക്കറുകളോളം വ്യാപിച്ചിരിക്കുന്ന ആപ്പിൾ തോട്ടങ്ങളാണ് ഇവിടത്തെ മറ്റൊരു മനോഹരമായ കാഴ്ച. പരമ്പരാഗത കിന്നൗരി വാസ്തുവിദ്യയും പുരാതന ബുദ്ധവിഹാരങ്ങളും ഈ പ്രദേശത്തിന്റെ സംസ്കാരം വിളിച്ചോതുന്നതാണ്. കിന്നൗറിലെ കരകൗശലവിദ്യയുടെ ഉത്തമ ഉദാഹരണമായ നാരായൺ നാഗിനി ക്ഷേത്രമാണ് മറ്റൊരു ആകർഷണം. പ്രാദേശിക ബുദ്ധ പാരമ്പര്യങ്ങൾ അനുഭവിച്ചറിയാൻ കഴിയുന്ന ഹു-ബു-ലാൻ-കാർ മോണാസ്ട്രി മഠവും കാഴ്ചക്കാരിൽ പുതിയ അനുഭവങ്ങൾ നിറയ്ക്കുന്നതാണ്.
പരമ്പരാഗത വീടുകൾ നിറഞ്ഞ ഇടുങ്ങിയ പാതകളിലൂടെ നടന്ന് പ്രാദേശിക വാസ്തുവിദ്യയും ജനങ്ങളുടെ ജീവിത രീതിയും ഒരുപോലെ ആസ്വദിക്കാനാകും. മികച്ച കാലാവസ്ഥയും പൂത്തുലയുന്ന തോട്ടങ്ങളും കാണാൻ ആഗ്രഹിക്കുന്നവർക്ക് മാർച്ച് – മേയ് മാസങ്ങളിൽ കല്പയിലേയ്ക്ക് യാത്ര പോകാം. ഇനി മഞ്ഞുവീഴ്ച ഇഷ്ടപ്പെടുന്നവരാണെങ്കിൽ ഡിസംബർ മുതൽ ഫെബ്രുവരിയുള്ള മാസങ്ങളാകും അനുയോജ്യം. കല്പയ്ക്ക ഏറ്റവും അടുത്തുള്ള വിമാവത്താവളവും റെയിൽവെ സ്റ്റേഷനും സ്ഥിതി ചെയ്യുന്നത് ഷിംലയാണ്. ഷിംലയിൽ എത്തുന്നവർക്ക് പിന്നീട് റോഡ് മാർഗം കല്പയിലേക്കെത്താം.
Source link


